കോഴിക്കോട്: ജില്ലയിൽ ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ രോഗമുക്തി നേടി. രോഗ ബാധിതരായ നാല് പേരും വിദേശത്തുനിന്ന് എത്തിയവരാണ്.
പോസിറ്റീവായവർ:
1 ഫറോക്ക് സ്വദേശി (53): 13ന് കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ 14ന് കോഴിക്കോടെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 26ന് സ്രവ പരിശോധനയിൽ പോസിറ്റീവായി.എഫ്.എൽ.ടി.സിയിൽ ചികിത്സയിൽ.
2 .ഏറാമല സ്വദേശി (47): 15ന് ഖത്തറിൽ നിന്ന് കൊച്ചിയിലെത്തി. കോഴിക്കോട് വളയത്തെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സഹയാത്രികന് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ 27ന് നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധിച്ചപ്പോൾ പോസിറ്റീവ്. എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
3.രാമനാട്ടുകര സ്വദേശിനി (54): 18ന് സൗദിയിൽ നിന്ന് കോഴിക്കോടെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 27ന് രോഗലക്ഷണങ്ങളെ തുടർന്ന് എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
4. കല്ലായി സ്വദേശിനി (30): 23ന് ഗർഭകാല പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിൽ എത്തി. 24ന് മെഡിക്കൽ കോളേജിന് സമീപത്തെ ഡി.ഡി.ആർ.സിയിൽ സ്രവ പരിശോധന നടത്തി. 26 ന് പ്രസവിച്ചു. പ്രസവ ശേഷം നടത്തിയ പരിശോധനയിൽ പോസിറ്റീവ്. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
രോഗമുക്തർ:
മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുറമേരി സ്വദേശി (42), മൂടാടി സ്വദേശി (50).
11,919 പ്രവാസികൾ നിരീക്ഷണത്തിൽ
ഇന്നലെ 603 പ്രവാസികൾ കൂടി നിരീക്ഷണത്തിൽ എത്തിയതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികളുടെ എണ്ണം 11,919 ആയി ഉയർന്നു. ഇതിൽ 555 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററിലും 11,306 പേർ വീടുകളിലും 58 പേർ ആശുപത്രിയിലുമാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 150 പേർ ഗർഭിണികളാണ്. 5,775 പ്രവാസികൾ ഇതുവരെ നിരീക്ഷണം പൂർത്തിയാക്കി. പ്രവാസികൾ ഉൾപ്പെടെ 941 പേർ കൂടി ഇന്നലെ പുതുതായി നിരീക്ഷണത്തിൽ വന്നതോടെ ജില്ലയിൽ ആകെ 19,377 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.