സുൽത്താൻ ബത്തേരി: പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം പരീക്ഷ എഴുതിയ വിഷ്ണു ഉന്നത വിജയം നേടി. കുപ്പാടി ഗവ.ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് വിഷ്ണു. ഗോത്രവർഗ പണിയ വിഭാഗത്തിൽപ്പെട്ട കുട്ടിയാണ്. എസ്.എസ്. എൽ.സി പരീക്ഷയുടെ തലേന്ന് രാത്രിയാണ് വിഷ്ണുവിന്റെ അഛൻ വടക്കനാട് പള്ളിവയൽ കോളനിയിലെ കുഞ്ഞിരാമൻ ബസ് കയറി മരിച്ചത്.
എസ്.ടി.കുട്ടികൾക്കായുള്ള പരീക്ഷ പരീശീലനം സ്‌കൂളിൽ നടക്കുന്നതിനാൽ അഛന്റെ മരണ വിവരം വിഷ്ണു അറിഞ്ഞിരുന്നില്ല. പരീക്ഷാ സമയമായതിനാൽ കുട്ടിയെ വിവരമറിയിക്കണ്ടെന്നും പരീക്ഷ കഴിഞ്ഞ ശേഷം മരണാനന്തര ചടങ്ങുകൾക്ക് സമയമാകുമ്പോൾ കുട്ടിയെ എത്തിക്കാമെന്നും അദ്ധ്യാപകർ ബന്ധുക്കളോട് പറഞ്ഞു. പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ കുട്ടിയെ വീട്ടിലെത്തിച്ചു. അന്ത്യകർമ്മങ്ങൾക്ക് ശേഷം തിരികെ സ്‌കൂളിലേക്ക് കൊണ്ടുവരുകയും അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് സജ്ജമാകാൻ വേണ്ട ഉപദേശ നിർദ്ദേശങ്ങളും നൽകുകയും ചെയ്തു. ദുഖവുമായാണ് പരീക്ഷ ഹാളിലെത്തിയതെങ്കിലും പരീക്ഷ നന്നായി എഴുതി. എ ഗ്രേഡ് ലഭിച്ചു.
കലാ -കായിക രംഗത്തും മികവ് പുലർത്തി വന്നിരുന്നു. തന്റെ വിജയം കാണാൻ അഛൻ ഇല്ലാതെ പോയല്ലോ എന്ന വിഷമമാണ് ഇപ്പോൾ വിഷ്ണുവിന്. ഒരു സഹോദരൻ കുപ്പാടി സ്‌കൂളിൽ പഠിക്കുന്നു. വടക്കനാട് പള്ളിവയൽ മംഗലംകുന്നിൽ വെച്ച് വൈകിട്ട് ബസ് തിരിക്കുന്നതിനിടെ റോഡരുകിൽ കിടക്കുകയായിരുന്നു കുഞ്ഞിരാമന്റെ ദേഹത്ത്കൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയായിരുന്നു അപകടം.
ഫോട്ടോ -193920-വിഷ്ണു
സർവ്വജനയ്ക്ക് മിന്നുന്ന വിജയം
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറീൻ പാമ്പ്കടിയേറ്റ് മരിക്കാനിടയായ സ്‌കൂൾ എന്ന അപഖ്യാതി നിലനിന്ന സുൽത്താൻ ബത്തേരി സർവ്വജന ഹൈസ്‌കൂളിന് ഇത്തവണയും നൂറ്‌മേനി വിജയം. പരീക്ഷ എഴുതിയ 118 കുട്ടികളെയും വിജയിപ്പിച്ചാണ് സർവ്വജന കഴിഞ്ഞ വർഷത്തെ പാരമ്പര്യം കാത്തുസൂക്ഷിച്ചത്. ഇതിൽ 21 കുട്ടികൾ എസ്ടി വിഭാഗത്തിൽപ്പെട്ടവരാണ്. ഏഴ് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. അഞ്ചാം തവണയാണ് നൂറ്‌മേനി വിജയം കരസ്ഥമാക്കുന്നത്.
സമാധാന അന്തരീക്ഷത്തിൽ ക്ലാസുകൾ നടന്നുകൊണ്ടിരുന്ന സർവ്വജനയിൽ ഷഹ്‌ല പാമ്പ് കടിയേറ്റ് മരിച്ചതോടെ സ്‌കൂളിലെ അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിൽ വിള്ളൽ വീണു. സമരങ്ങളുടെയും ആരോപണങ്ങളുമായതോടെ സ്‌കൂൾ അന്തരീക്ഷം കലുക്ഷിതമാകുകയും ക്ലാസുകൾ മുടങ്ങുകയും ചെയ്തു. പരീക്ഷ അടുത്തിരിക്കുന്ന സമയത്ത് കുട്ടികളുടെ ഭാവി അവതാളത്തിലാകുമെന്ന ചിന്ത രക്ഷിതാക്കളെയും ഒപ്പം സ്‌കൂളിലെ അദ്ധ്യാപകരെയും വിഷമത്തിലാക്കി. അദ്ധ്യാപകർക്ക് നേരെ ആരോപണങ്ങൾ ഏറെ ഉയർന്നെങ്കിലും അദ്ധ്യാപകർ ക്ഷമയോടെ കുട്ടികളെ സ്‌നേഹത്തോടെ പാഠഭാഗങ്ങൾ പറഞ്ഞ് കൊടുത്തു.
ഇരുപത്തിയഞ്ച് കുട്ടികൾ ഉണ്ടങ്കിൽ മാത്രമെ എസ്.ടി. വിഭാഗത്തിന് മാത്രമായി പരീക്ഷയ്ക്കു പ്രത്യേക പരിശീലന ക്യാമ്പ് നടത്തുകയുള്ളൂ. എന്നാൽ അദ്ധ്യാപകർ ഇവർക്ക് പ്രത്യേക പരിശീലനം തന്നെ നൽകുകയായിരുന്നു. എല്ലാ കുട്ടികൾക്കും പ്രത്യേക പരിശീലനവും നൽകി.
ഏറെ കോളിളക്കമുണ്ടാക്കിയ സംഭവ സമയത്ത് സ്‌കൂളിലെത്തിയ മജിഷ്യൻ ഗോപിനാഥ് മുതുകാട് കുട്ടികളോട് പറഞ്ഞത് സർവ്വജനയുടെ യശസ് നൂറ്‌മേനി വിജയത്തിലൂടെ വേണം ഇനിയും ഉയർന്ന് കേൾക്കാൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കുട്ടികൾ നിറവേറ്റുകയും ചെയ്തു.
ഫോട്ടോ 0032- നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ബത്തേരി സർവ്വജന സ്‌കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം