കോഴിക്കോട്: വന്ദേ ഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ അമേരിക്കയിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനം നാളെ വൈകീട്ട് ആറിന് നെടുമ്പാശ്ശേരിയിൽ എത്തും. 240 മലയാളി യാത്രക്കാരുമായാണ് വിമാനം വന്നിറങ്ങുന്നത്. രണ്ടാമത്തെ എയർ ഇന്ത്യ വിമാനം രാത്രി എട്ടിന് നെടുമ്പാശ്ശേരിയിൽ എത്തും. വന്ദേ ഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ആദ്യം ഷെഡ്യുൾ ചെയ്ത 45 വിമാനങ്ങളിൽ ഒന്നു പോലും കേരളത്തിലേക്ക് ഉണ്ടായിരുന്നില്ല. അവിടെ കുടുങ്ങിയ വിദ്യാർത്ഥികളും ഗർഭിണികളും അടങ്ങുന്ന ആയിരക്കണക്കിന് മലയാളികളുടെ ദുരിതം നേരിട്ടും മാധ്യമങ്ങളിലൂടെയും അറിഞ്ഞതോടെ എം.കെ.രാഘവൻ എം.പി കേന്ദ്ര വിദേശ കാര്യ മന്ത്രി സുബ്രഹ്മണ്യം ജയ് ശങ്കർ, വ്യോമയാന മന്ത്രി ഹർദീപ് സിംഗ് സൂരി, അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൻജിത് സിംഗ് സന്ധു എന്നിവരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് കേരളത്തിലേക്ക് സർവീസ് ആരംഭിച്ചത്. പി.പി.ഇ കിറ്റ് ധരിച്ച് ഏകദേശം 20 മണിക്കൂർ വിമാന യാത്ര ചെയ്തു വരുന്ന യാത്രക്കാർ രണ്ട് ടൈം സോണിൽ നിന്നുള്ളവരായതിനാൽ കൊച്ചി വിമാനത്താവളത്തിൽ പരിശോധനകൾ കഴിഞ്ഞ് പുറത്തിറങ്ങാൻ എടുക്കുന്ന അഞ്ച് മണിക്കൂർ സമയം ഒന്നോ രണ്ടോ മണിക്കൂറായി കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു.