pcc

പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജ് ആള് പുപ്പിലിയാണ്. ആരാടാന്ന് ചോദിച്ചാൽ എന്നാടാന്നു തിരിച്ചു ചോദിക്കും. , രണ്ട് പൊട്ടിക്കാനും മടിയില്ല. കൈക്കൊണ്ടല്ല ലൈസൻസുള്ള വിദേശ തോക്ക് കൊണ്ടു തന്നെ.!

രാഷ്ടീയത്തിൽ ജോർജച്ചായന് നിത്യ ശത്രുക്കളില്ല. കെ.എം.മാണിയെ പാലാ കരങ്ങോഴിക്കൽ വീടിന് മുന്നിൽ കൂലിക്ക് ആളെ നിറുത്തി വരെ തെറി പറയിപ്പിച്ചു. പിന്നീട് മാണി പാർട്ടിയുടെ ഏക വൈസ് ചെയർമാനായി കൂടു വിട്ട് കൂടു മാറുന്നതാണ് കേരളം കണ്ടത്.

ആദ്യം മാണിപാർട്ടിയായി പിന്നെ മാണിയെ വിട്ട് ജോസഫ് പാർട്ടിയായി പിന്നെ ജോസഫിനെ വിട്ട് സ്വന്തം സെക്കുലർ പാർട്ടിയായി . സെക്കുലർ പിരിച്ചു വിട്ട് ജനപക്ഷമായി. പിന്നെ ബി.ജെ.പി സഹയാത്രികനായി . ബി.ജെ..പിയെയും തെറി പറഞ്ഞു യു.ഡി.എഫിൽ കടന്നു കൂടാൻ നോക്കിയെങ്കിലും ആരും അടുപ്പിക്കാത്തതിനാൽ ഒരു മുന്നണിയിലും പെടാതെ സർവതന്ത്ര സ്വതന്ത്രനായി നിൽക്കുകയാണ് .

കൊവിഡ് കാലത്ത് പത്രസമ്മേളനത്തിന് സ്കോപ്പില്ല . പിന്നെ ക്ലിക്കാകുന്നത് എന്തെന്ന് ആലോചിച്ചപ്പോഴാണ് ഉണ്ടു മടുത്ത നായർക്ക് വിളി തോന്നിയതുപോലെ ഓൺലൈൻ വിളി വന്നത്. കർഷകരില്ലെങ്കിൽ കേരളകോൺഗ്രസില്ല . ഓൺലൈനിൽ കർഷകരെ സഹായിക്കാനൊരു വിപണി ആരംഭിക്കുക എന്ന ബുദ്ധി ആര് ഉപദേശിച്ചതെന്നറിയില്ല. പി.ജെ.ജോസഫ് അഗ്രിഫെസ്റ്റിനെ കടത്തി വെട്ടുന്ന ആധുനിക വിപണന സാദ്ധ്യത കണ്ടെത്താനുള്ള 'കാർഷിക വിപണി' എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് തുടങ്ങി . കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കർഷകരെ രക്ഷിക്കാനും ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും കേരളത്തിൽ ആദ്യമായി ഒരു എം.എൽ.എ ഓൺലൈൻ വിപണിയുമായി രംഗത്തു വന്നതിന്റെ ക്രെഡിറ്റും ജോർജിന് സ്വന്തമായി.

പൂഞ്ഞാറിലെ ഒമ്പത് പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലെയും കർഷകർ ഉത്പാദിപ്പിക്കുന്ന വിളകളുടെയും മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളുടെയും വിപണനം വീടുകളിലിരുന്നു ചെയ്യാവുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. കൃഷി വകുപ്പുമായി ചേർന്ന് പഞ്ചായത്ത് തല മാർക്കറ്റുകൾ ശക്തിപ്പെടുത്തുക, കൃഷിക്കാവശ്യമായ വായ്പ ലഭ്യമാക്കുക,ന്യായ വിലക്ക് വിത്തും വളവും നൽകുക, വിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുക, തുടങ്ങിയ ബ്രഹൃത് പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഒരു മാസത്തിനകം വിപണനം ആരംഭിക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ച ജോർജ് പൂഞ്ഞാറിലെ എല്ലാവരും തന്റെ 'കാർഷിക വിപണി' ഫേസ് ബുക്കിൽ അംഗങ്ങളാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

പൂഞ്ഞാർ തമ്പുരാൻ പറഞ്ഞാൽ പറഞ്ഞതായതിനാൽ എല്ലാവരും അംഗങ്ങളായേക്കും. അതാണ് അതിന്റെ ഒരു രീതി. ഏതോ ലോക കപ്പ് .ക്രിക്കറ്റോ ഫുട്ബോളോ എന്ന് അച്ചായന് ഓർമ പോര. പൂഞ്ഞാറുകാർ ടി.വിയിൽ ലൈവായി കാണുന്നതിനിടയിൽ കറന്റുപോയി. നാട്ടുകാർ വിളിച്ചിട്ട് കറന്റാഫീസിൽ ആരും ഫോൺ എടുത്തില്ല. അപ്പോഴാണ് പുപ്പിലിയായ എംഎൽഎയെ വിളിക്കണമെന്ന ബുദ്ധി ആർക്കോ തോന്നിയത്. കുമ്പകുലുക്കി ജോർജ് അങ്ങോട്ട് ചെന്നു .കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് തോറ്റു പോകുന്ന പ്രയോഗമായിരുന്നു പിന്നെ. എവിടുന്നെന്നറിയില്ല ജീവനക്കാർ കറന്റ് ഉണ്ടാക്കി കൊടുത്തു. പൂഞ്ഞാറുകാർ ലോക കപ്പ് മുഴുവൻ ലൈവായി അങ്ങനെ കണ്ടു. ജോർജിന്റെ കൈയ്യൂക്ക് പേടിച്ച് കറന്റ് വീണ്ടും പോകാതിരിക്കാൻ ജീവനക്കാർ പ്രാർത്ഥിച്ചു കാവലിരുന്നുവെന്നാണ് പൂഞ്ഞാറിലെ പാണന്മാർ പാടി നടക്കുന്നത് .

മൂന്നു മുന്നണിയിൽ പെട്ടവർ എതിരാളികളായിരുന്നിട്ടും മുപ്പതിനായിരത്തിന് മുകളിൽ വോട്ടിന് ജോർജ് പൂഞ്ഞാറിൽ നിന്നു ജയിക്കണമെങ്കിൽ ഈ വാടാ പോടാ ലൈൻ നാക്കു കൊണ്ടുള്ള ജനപിന്തുണ തന്നെ..അല്ലാതെന്താ...!