കോട്ടയം: മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവിക വനം വെട്ടി നശിപ്പിച്ച് പുതിയ കെട്ടിടം പണിയുന്നതിനെതിരെ സി.പി.ഐ പ്രക്ഷോഭമാരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞു. 'പുതിയ ബ്ലോക്ക് പണിയുന്നതിന് ആവശ്യമായ സ്ഥലം മെഡിക്കൽ കോളേജ് വളപ്പിലുണ്ട്. സ്വകാര്യ വ്യക്തികൾക്ക് മരച്ചീനി നടുന്നതിന് ലേലത്തിന് നൽകുന്ന ഈ സ്ഥലം എന്തു കൊണ്ട് വികസന പദ്ധതികൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. ചിലരുടെയൊക്കെ താത്പര്യസംരക്ഷണത്തിനാണ് വനംവെട്ടുന്നതെന്നു സംശയിക്കണം. പകരം മരം വെച്ചു പിടിപ്പിക്കുമെന്നൊക്കെ പറയാൻ കൊള്ളാം. ഫലപ്രദമായി നടപ്പാക്കാൻ കഴിയില്ലെന്നാണ് അനുഭവം. പരിസ്ഥിതി സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുക എന്നതാണ് സി.പി.ഐ നിലപാട്. സ്വാഭാവിക വനത്തിന് സമീപം മൂന്ന് പഞ്ചായത്തുകളിലേക്ക് ആവശ്യമായ വെള്ളം നൽകുന്ന കൂറ്റൻ ജലസംഭരണി ഉണ്ട്. വനം നശിപ്പിച്ച് കെട്ടിടം പണിയാൻ അടിത്തറ ഒരുക്കുന്നതോടെ ജലസംഭരണികൾക്ക് ബലക്ഷയമുണ്ടാകും. സ്വാഭാവിക വനം വെട്ടാനുള്ള നീക്കം ഏഴുവർഷം മുമ്പ് ഉണ്ടായി. സി.പി.ഐ അന്നും പ്രക്ഷോഭവുമായി രംഗത്തു വന്നിരുന്നു. അന്നു വനം വെട്ട് ഉപേക്ഷിച്ചതും ജലസംഭരണിയുടെ സുരക്ഷിതത്വം കണക്കിലെടുത്തായിരുന്നു. ആ പ്രശ്നം ഇപ്പോഴും നിലനിൽക്കുകയാണ് . സ്വാഭാവിക വനം ഒഴിവാക്കി കെട്ടിടം പണിതാൽ ജലസംഭരണികളെ ബാധിക്കില്ല. ബന്ധപ്പെട്ടവർ ഇതേക്കുറിച്ച് പ്രതികരിക്കണമെന്നും ശശിധരൻ ആവശ്യപ്പെട്ടു.
സ്വാഭാവിക വനത്തിൽ 930 മരങ്ങൾ
മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവിക വനത്തിൽ ചെറുതും വലുതുമായ 930 മരങ്ങളുണ്ട്. പകരം ആദ്യഘട്ടത്തിൽ വെച്ചു പിടിപ്പിക്കുന്നത് 50 മരങ്ങളാണ് . പുതിയ പ്ലാനും സ്കെച്ചും മരങ്ങൾ ഒഴിവാക്കി നൽകണമെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ആവശ്യപ്പെട്ടിരുന്നു. നൽകിയിട്ടില്ല. ആശുപത്രി വികസന സമിതിയും ട്രീ കമ്മിറ്റിയും സംയുക്ത വിസിറ്റിംഗ് നടത്തണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടില്ല.