കോട്ടയം: കരച്ചിലില്ല; മിഠായിയും ബലൂണുമില്ല. പാട്ടുപാടിയും കൈയടിച്ചും സ്വീകരിക്കാൻ അദ്ധ്യാപകരുടെ നിരയില്ല. 'ഫസ്റ്റ് ബെല്ലടിച്ചതോടെ' കൊച്ചുടിവിയിൽ നിന്ന് കുട്ടിക്കൂട്ടം വിക്ടേഴ്സിലേയ്ക്ക് റിമോട്ട് മാറ്റി. കറന്റും നെറ്റും ചിലയിടത്ത് വില്ലനുമായി.
ഫസ്റ്റ് ബെല്ലെന്ന പേരിൽ ആദ്യമായി ഒരുക്കിയ ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുതിയ അനുഭവമായി. വിക്‌ടേഴ്‌സ് ചാനൽ വഴിയുള്ള ക്ളാസ് ഇന്നലെ വിദ്യാർത്ഥികളേറെയും ആസ്വദിച്ചു. സ്വകാര്യ സ്‌കൂളുകളിൽ ഓൺലൈൻ വഴിയുള്ള ക്ളാസുകൾക്കും കാര്യമായ തടസമില്ലാതിരുന്നെങ്കിലും മലയോര മേഖലകളിൽ ഇന്റർനെറ്റ് വില്ലനായി. വൈദ്യുതി മുടക്കവും ഏതാനും ചിലർ ഡിഷ് ടി.വികളിലും പല സ്വകാര്യ കേബിൾ നെറ്റ് വർക്കുകളിലും വിക്‌ടേഴ്‌സ് ചാനൽ ലഭ്യമല്ലാഞ്ഞത് പരാതിക്ക് ഇടവരുത്തി. ടച്ചിംഗ് വെട്ടിന്റെ ഭാഗമായും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്നും ഈരാറ്റുപേട്ട അടക്കമുള്ള സ്ഥലങ്ങളിൽ കറന്റ് പണിമുടക്കി.
വലിച്ചിലോട് വലിച്ചിൽ
ഒരേ സമയം, ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചതോടെ ബ്രോഡ് ബാൻഡുകളിലും നെറ്റ് ഇഴഞ്ഞു. ക്ളാസ് നടന്നുകൊണ്ടിരിക്കേ നെറ്റ് പണികൊടുത്ത സ്കൂളുകളുമുണ്ട്. ലൈബ്രറികൾ കേന്ദ്രീകരിച്ചും മറ്റും വിക്‌ടേഴ്‌സ് ചാനൽ സുഗമായി വീക്ഷിക്കാൻ സൗകര്യമൊരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആദ്യദിനം നടന്നില്ല.
കിട്ടാനില്ല സാമഗ്രികൾ
ലോക്ക് ഡൗണിന്റെ പ്രതിഫലനമെന്ന നിലയിൽ ഇന്റർനെറ്റ് സാമഗ്രികൾക്ക് കടുത്ത ക്ഷാമം. ഇലക്ട്രോണിക് സാധനങ്ങളുടെ വരവ് നിലച്ചതോടെ കോളേജ് , സ്കൂൾ തലങ്ങളിൽ ഓൺലൈൻ ക്ളാസുകൾ നടത്തുന്നതിന് ക്ളേശിച്ചു. വൈ ഫൈ റൂട്ടർ, ഡോങ്കിൾ, കേബിളുകൾ അടക്കമുള്ളവയ്ക്ക് ക്ഷാമുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതി നിലച്ചതും പണിയായി. നഗരത്തിൽ മൊബൈൽ ഫോൺ, ലാപ് ടോപ്പ്, കമ്പ്യൂട്ടർ എന്നിവ വിൽക്കുന്ന കടകളിൽ വൻ തിരക്കാണ്. 4ജി സിം കാർഡിന് പോലും ക്ഷാമമാണ്.
'' ജില്ലയിൽ ഇന്നലെ 80 ശതമാനം കുട്ടികൾ ഓൺലൈൻ സംവിധാനം ഉപയോഗിച്ചു. നെറ്റ് തടസവും വൈദ്യുതി പ്രശ്നവും ഉണ്ടായെങ്കിലും പുനസംപ്രേഷണമുള്ളതിനാൽ പ്രശ്നമില്ല. ഈ ആഴ്ച മുഴുവൻ ട്രയൽ ആണ്. വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട''
കെ.ജെ.പ്രസാദ്, ജില്ലാ കോ-ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം