കോട്ടയം: സുഭാഷ് വർഷങ്ങളായി നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് അഞ്ചുവർഷത്തിലെറെയായി രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ഓട്ടമുണ്ട്. മാസാവസാനം ഇരുപതിനായിരം രൂപ വരെ ഒരുമിച്ച് കിട്ടും. പക്ഷെ, കൊവിഡ് എല്ലാം തകർത്തു. ഓൺലൈൻ ക്ളാസുകൾ കൂടി തുടങ്ങിയതോടെ അ‌‌ടുത്തകാലത്തൊന്നും പ്രതീക്ഷയ്ക്കു വകയില്ലെന്ന മട്ടായി.

സ്കൂൾ ബസ് ഡ്രൈവർമാർ, സ്വന്തമായി സ്കൂൾ ഓട്ടം നടത്തുന്നവർ

എന്നിവരുൾപ്പെടുന്ന നൂറുകണക്കിന് പേരാണ് അദ്ധ്യയനം ഓൺലൈനിലേയ്ക്ക് മാറുമ്പോൾ പട്ടിണിയാകുന്നത്. സ്കൂൾ ഓട്ടത്തിന് പുറമേ മറ്റ് ഓട്ടങ്ങൾ കൂടി നടത്തി നിത്യ വൃത്തി കഴിയ്ക്കുന്നവരാണ് കൂടുതലും. അധികവരുമാനമെന്ന നിലയിൽ ഒരുമിച്ച് കിട്ടുന്ന തുകകൊണ്ടാണ് വീട്ടിലെ അത്യാവശ്യകാര്യങ്ങൾ നടത്തിപ്പോകുന്നത്. സ്കൂൾ ബസ് ഓടിക്കുന്നവരാവട്ടെ ഒഴിവ് സമയം ഓട്ടോ ഓടിക്കുകയോ ചെറിയ കടകൾ നടത്തുകയോ ചെയ്യും. വലിയ വാഹനങ്ങൾ വാങ്ങി കരാർ അടിസ്ഥാനത്തിൽ വിദ്യാ‌ർത്ഥികളെ സ്കൂളുകളിലെത്തിക്കുന്നവരുമുണ്ട്. ലോൺ, ചിട്ടി തുടങ്ങിയ ചെലുവകൾക്കുള്ള പണം ഇങ്ങനെ കണ്ടെത്തുന്നവരാണ് അധികവും. സ്കൂൾ ഓട്ടത്തിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നവരുമുണ്ട്. ഇവരെല്ലാം ഇപ്പോൾ കഷ്ടത്തിലായി. വേനലവധിക്കാലത്ത് ലോക്ക് ഡൗൺ കൂടിയതിനാൽ സ്റ്റാൻഡിൽ കിടന്ന് ഓടി വരുമാനമുണ്ടാക്കാനുമായില്ല. എത്രയും വേഗം സ്കൂളുകൾ പഴയപടിയാകുമെന്ന് സ്വപ്നം കാണാനെ ഇവർക്കാകുന്നുള്ളൂ.

'' ഞാൻ പത്ത് വർഷത്തിലേറെയായി സ്കൂൾ ബസ് ഡ്രൈവറാണ്. രാവിലെ ആറു മുതൽ ഒമ്പത് വരെ സ്കൂൾ ഓട്ടം. ഉച്ചയ്ക്ക് മൂന്നു മുതലും. മറ്റ് സമയങ്ങളിൽ സ്റ്റാൻഡുകളിൽ കിടന്നാണ് ഓടുക. ഇങ്ങനെ കിട്ടുന്ന വരുമാനമായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത് . ഇനി എന്നാണ് എല്ലാം സാധാരണ നിലയിലാവുക എന്ന ആശങ്കയിലാണ് ഞങ്ങൾ.

വിശ്വനാഥൻ, മണിമല