thodu

ചങ്ങനാശേരി : മഴക്കാല ശുചീകരണത്തിലും കുറിച്ചി ഔട്ട്പോസ്റ്റ് തോടിനെ ഒഴിവാക്കിയതോടെ ഇക്കൊല്ലവും വട്ടച്ചിറ കോളനി നിവാസികൾക്ക് ദുരിതം തന്നെ. ചെറിയ മഴപെയ്താൽ കോളനിയിൽ വെള്ളം പൊങ്ങുന്ന അവസ്ഥയാണ്. വട്ടച്ചിറയിൽ നിന്ന് റെയിൽവേ പാലത്തിന് അടിയിലെത്തി ഔട്ട്പോസ്റ്റ് ജംഗ്ഷനിലൂടെ ഒഴുകിപ്പോകുന്ന തോട് ശുചീകരിക്കുകയും ആഴംകൂട്ടുകയും ചെയ്താൽ വെള്ളപ്പൊക്കം ഒഴിവാക്കാനാകും.

എണ്ണയ്ക്കാചിറ, പുലിക്കുഴി, വില്ലേജ് ഓഫീസ് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നത് കോളനിയിലേക്കാണ്. 'ഇനി ഞാൻ ഒഴുകട്ടെ' എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭൂരിഭാഗം നീർച്ചാലുകളും തോടുകളും ശുചീകരിച്ചെങ്കിലും ഔട്ട്പോസ്റ്റ് തോടിനെ അധികൃതർ തഴഞ്ഞു.

തോട് കൈയേറി

ഔട്ട്പോസ്റ്റിന് പടിഞ്ഞാറുവശം സ്വകാര്യവ്യക്തികൾ തോട് കൈയേറിയിരിക്കുകയാണ്. ഇതുമൂലം തോടിന് വീതികുറഞ്ഞ് ഒഴുക്ക് തടസപ്പെട്ടു. തോടിന് വീതികൂട്ടണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനെതിരെയും അധികൃതർ ചെറുവിരൽ അനക്കുന്നില്ല.

തോട് ശുചീകരിച്ച് ആഴംകൂട്ടണം. പഞ്ചായത്ത് അധികൃതർ തോടിനെ കൈയൊഴിയുകയാണ്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.

കെ.ആർ.ഷാജി, സി.പി.എം ലോക്കൽ സെക്രട്ടറി