കടുത്തുരുത്തി : കോട്ടയം - എറണാകുളം റോഡിന് സമാന്തരമായി നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ അന്തിമഘട്ട നിർമ്മാണം നാളെ തുങ്ങും. ഇടയ്ക്ക് മുടങ്ങിയ പദ്ധതി മോൻസ് ജോസഫ് എം.എൽ.എയുടെ ഇടപെടലിലാണ് പുനരാരംഭിക്കുന്നത്.

കടുത്തുരുത്തി മണ്ഡലത്തിൽ നടപ്പാക്കുന്ന 'വിഷൻ 2020' വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബൈപ്പാസ് റോഡ് നിർമാണം സാങ്കേതിക പ്രശ്‌നങ്ങളിൽ കുടുങ്ങി നിലയ്ക്കുകയായിരുന്നു. രണ്ട് പാലങ്ങളാണ് പ്രധാനമായും നിർമ്മിക്കേണ്ടത്. എം.എൽ.എയുടെ ഇടപെടലിൽ കുരുക്ക് അഴിഞ്ഞെങ്കിലും കൊവിഡ് ഭീതി മൂലം നിർമ്മാണം തുടങ്ങാനായില്ല. വെള്ളപ്പൊക്ക ഭീഷണി ഉയർന്നതോടെ വലിയ തോടിനും, ചുള്ളി തോടിനും കുറുകെയുള്ള രണ്ടുപാലങ്ങളുടെയും ഡിസൈനിൽ മാറ്റംവരുത്തിയതായിരുന്നു കാലതാമസത്തിന് കാരണം.

രണ്ടാംഘട്ടം പൂർത്തിയായി

രണ്ടാംഘട്ടത്തിൽ വിഭാവനം ചെയ്ത ഫ്ലൈഓവർ നിർമ്മാണം പൂർത്തിയായി. ഇത് ബൈപ്പാസ് റീച്ചിലേക്ക് ഉടൻ ബന്ധിപ്പിക്കും. കോട്ടയം റോഡ്‌സ് വിഭാഗം എക്‌സി.എൻജിനിയറുടെ മേൽനോട്ടത്തിലാണ് നിർമ്മാണ കാര്യങ്ങൾ പരിശോധിക്കുന്നത്.

ഇനി ചെയ്യുന്നത്

വലിയ തോടിന് കുറുകെയുള്ള പാലം 23 മീറ്റർ നീളത്തിൽ നിർമ്മിക്കും

 ചുള്ളി തോടിന് ഇരുവശത്തും 10 മീറ്റർ നീളത്തിൽ വീതി കൂടിയ പുതിയ പാലം

 പള്ളി ഭാഗം മുതൽ ജലനിർഗമന മാർഗങ്ങൾ പരമാവധി സ്ഥലങ്ങളിൽ ഉൾപ്പെടുത്തും

 ബൈപ്പാസിൽ നിന്ന് ഇറങ്ങാൻ സർവീസ് റോഡ്

'' രണ്ട് പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനം നാളെ രാവിലെ 10 ന് ആരംഭിക്കും. ബൈപ്പാസിലെ അവശേഷിക്കുന്ന റോഡ് നിർമ്മാണവും ഉടൻ ആരംഭിക്കും. ആപ്പുഴ തീരദേശ റോഡുമായി ബൈപ്പാസ് ബന്ധിപ്പിക്കുന്ന ഭാഗത്ത് നടപ്പാക്കേണ്ട നിർമ്മാണ കാര്യങ്ങളെക്കുറിച്ച് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പ്രത്യേകം ചർച്ച നടത്തും

മോൻസ് ജോസഫ് എം.എൽ.എ