പാലാ : കൊച്ചിടപ്പാടിയിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശികൾ ക്വാറന്റൈൻ ചട്ടംലംഘിച്ച സംഭവത്തിൽ ഇന്നലെ ചേർന്ന പാലാ നഗരസഭാ യോഗത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം. ക്വാറന്റൈനിൽ കഴിഞ്ഞവർ കറങ്ങി നടന്നതിന് പിന്നിൽ പൊലീസിന്റെ നിഷ്‌ക്രിയത്വമാണെന്ന് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. കൊച്ചിടപ്പാടി വാർഡ് കൗൺസിലർ ടോണി തോട്ടമാണ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്. കറുത്ത ബാഡ്ജ് ധരിച്ചാണ് ഇദ്ദേഹമെത്തിയത്.
ക്വാറന്റൈൻ പാലിക്കാതെ മറ്റുള്ളവർക്കൊപ്പം കുളിക്കുകയും ഇറങ്ങി നടക്കുകയും ചെയ്തത് ഗൗരവകരമായ കാര്യമാണ്. ബംഗളൂരുവിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശികൾ പാലായിലെ ആരോഗ്യ പ്രവർത്തകരെയോ നഗരസഭയെ അറിയിക്കാതെ കൊച്ചിടപ്പാടിയിൽ താമസമാക്കിയത് നിയമപരമല്ല. ഇക്കാര്യത്തിൽ പൊലീസിനു വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ നടപടി ഉത്തരവാദിത്വമില്ലായ്മയാണെന്ന് പ്രതിപക്ഷകൗൺസിലർമാരും പറഞ്ഞു. ചെയർപേഴ്‌സൺ മേരി ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.
സർക്കാരിന് റിപ്പോർട്ട് ചെയ്യും
സംഭവത്തെക്കുറിച്ച് സർക്കാരിൽ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ കൗൺസിൽ യോഗം തീരുമാനിച്ചതായി ചെയർപേഴ്‌സൺ അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസിനുണ്ടായ വീഴ്ച അന്വേഷിക്കണം. ചട്ടം പാലിക്കാതെ താമസിച്ചവർക്കെതിരെയും നടപടിയെടുക്കണം. കൊച്ചിടപ്പാടി വാർഡിലെ കൊവിഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം നാളെ ചേരുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.