കോട്ടയം : ജില്ലയിൽ അഞ്ചു ലക്ഷം വൃക്ഷത്തൈകൾ നട്ടു വളർത്തുന്നതിന് ജില്ലാ പഞ്ചായത്ത്, വനംവകുപ്പ്, ഹരിതകേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന തണലോരം പദ്ധതിയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലത്താണ് വിവിധയിനം ഫല വൃക്ഷങ്ങളും തണൽ മരങ്ങളും ഔഷധ ചെടികളും വളർത്തുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ, ജയകുമാർ, ആർ.എം.ഒ ഡോ. ആർ.പി. രഞ്ജിൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോ ഓർഡിനേറ്റർ പി.എസ്. ഷിനോ, വനംവകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ജി. പ്രസാദ്, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ്, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ്‌ലി ടോമിച്ചൻ, ബി.ഡി.ഒ ലക്ഷ്മി പ്രസാദ്, തുടങ്ങിയവർ പങ്കെടുത്തു.