ഈരാറ്റുപേട്ട: പുതുതായി ചേർന്ന കുട്ടികളുടെ എണ്ണത്തിൽ ഇക്കുറിയും ഈരാറ്റുപേട്ട ഗവ. മുസ്ലീം എൽ.പി.സ്‌കൂൾ തന്നെ മുന്നിൽ. ഒന്നാം ക്ളാസിൽ ഇന്നലെ വരെ പ്രവേശനം നേടിയത് 125 പേരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 കുട്ടികൾ കൂടുതൽ.
മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനായി രണ്ട് അദ്ധ്യാപകരുമായി, നാട്ടുകാർ സംഭാവനയായി നൽകിയ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡും ചാണകം മെഴുകിയ തറയുമായി 1940 ൽ ആരംഭിച്ചതാണ് ഈ സ്‌കൂൾ. 1950 ലാണ് അടച്ചുറപ്പുളള ഒരു കെട്ടിടം പണിയുന്നത്. 1969ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.എച്ച് മുഹമ്മദ് കോയ പ്രത്യേക ഉത്തരവിലൂടെ ഇന്നു കാണുന്ന കെട്ടിടം പണിയാൻ അനുമതി നൽകി. 2000ൽ എസ്.എസ്. എ. പ്രോഗ്രാം പ്രാബല്യത്തിൽ വന്നതോടെ സ്‌കൂളിന്റെ നിലവാരം സ്വകാര്യ സ്‌കൂളിനെ മറികടക്കുന്ന തലത്തിലേയ്ക്കുയർന്നു. 2010ൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണം ആദ്യമായി നൂറു കടന്നു. അന്ന് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ചേർത്തതിന് സംസ്ഥാന സർക്കാർ 10 ലക്ഷം രുപയാണ് പാരിതോഷികം നൽകിയത്.