ഷാേക്കേൽപ്പിച്ചു, ഗ്യാസ് തുറന്നുവിട്ടു, കാറുമായി കടന്നു
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് അക്രമിസംഘം പട്ടാപ്പകൽ വീട്ടിൽക്കയറി ദമ്പതിമാരെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പോർച്ചിൽ കിടന്ന കാറുമായി കടന്നു. ഇരുവരെയും ഫയർഫോഴ്‌സും പൊലീസുമെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഭാര്യ മരിച്ചു. പാറപ്പാടം ഷാനി മൻസിലിൽ ഷീബയാണ് (60) മരിച്ചത്. ഭർത്താവ് അബ്ദുൾ സാലിക്ക് (65) ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഇവർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയശേഷം കൈകൾ ഇരുമ്പ് കമ്പികൊണ്ട് പിന്നിലേക്കു കെട്ടി ഇലക്ട്രിക് വയർ ഉപയോഗിച്ച് ഷോക്കേൽപ്പിച്ച നിലയിലായിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടിരുന്നു. അലമാരയിലുള്ളതെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. മറ്റെന്തെങ്കിലും നഷ്ടപ്പെട്ടോ എന്നു വ്യക്തമല്ല.
വിദേശത്തുള്ള ഏക മകൾ ഷാനി ഇരുവരെയും ഇന്നലെ വൈകിട്ട് നാലരയോടെ ഫോണിൽ വിളിച്ചിട്ടു കിട്ടാതെ വന്നതോടെ അയൽവാസികളെ അറിയിക്കുകയായിരുന്നു. ഈ സമയത്തുതന്നെ വീട്ടിൽ നിന്ന് പാചക വാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ളവർ നോക്കാനെത്തിയിരുന്നു. ഇവർ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഫയർഫോഴ്സാണ് വീടിന്റെ സ്വീകരണ മുറിയിൽ ദമ്പതികൾ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. പാചകവാതകം ചോർന്നതായി മനസിലാക്കി മെയിൻ സ്വിച്ച് ഓഫ് ചെയ്തശേഷം ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അപ്പോഴേക്കും ഷീബ മരിച്ചിരുന്നു.
അടുക്കളയിൽ ഗ്യാസ് അടുപ്പിൽ മുട്ട പുഴുങ്ങാനായി വച്ച വെള്ളം വറ്റിയ നിലയിലായിരുന്നു. ചപ്പാത്തി പരത്തി വച്ചിട്ടുമുണ്ട്. മൃതദേഹം കിടന്ന മുറിയിലെ ഫാനിന്റെ ലീഫ് വളഞ്ഞനിലയിലും ടീപ്പോയ് ഒടിഞ്ഞ നിലയിലുമാണ്. അടുക്കളയിൽ തന്നെയുണ്ടായിരുന്ന മറ്റൊരു സിലിണ്ടറാണ് മൃതദേഹം കണ്ടെത്തിയ മുറിയിൽ തുറന്നുവിട്ടത്. ഇരുമ്പുകമ്പി ഉപയോഗിച്ചാവാം തലയ്ക്കടിച്ചതെന്ന് കരുതുന്നു. നാല് മണിയോടെയാവും സംഭവം നടന്നതെന്നാണ് കരുതുന്നത്.
കൊലപാതകത്തിനു പിന്നിൽ
വ്യക്തി വൈരാഗ്യമോ സാമ്പത്തിക ഇടപാടുകളോ ആകാം കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. മുമ്പ് നാഗമ്പടം സ്റ്റാൻഡിൽ ടീ സ്റ്റാൾ നടത്തിയിരുന്ന സാലി ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് കട നിറുത്തി. വീടുകൾ വാടകയ്ക്ക് നൽകിയിരുന്നു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സഖറിയ മാത്യു, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ, കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ ബാബു സെബാസ്റ്റ്യൻ, വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.