കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതികളെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നിൽ മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്ന് വിശ്വസിക്കാനാവാതെ പൊലീസ്. ഇരുവരും മരിക്കണമെന്നും തെളിവുകൾ അവശേഷിക്കരുതെന്നും പദ്ധതിയിട്ട്, അതിക്രൂരമായാണ് അക്രമി കൃത്യം നടപ്പാക്കിയത്. മോഷണം മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിക്കുമോ എന്നതാണ് ചോദ്യം.
ഷോക്കൽപ്പിച്ചു, ഗ്യാസ് തുറന്നു വിട്ടു
ആക്രമണത്തിന് ഇരയായി കാണപ്പെട്ട ദമ്പതിമാരിൽ രണ്ടു പേരുടെയും കൈകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് പിന്നിൽ നിന്നു കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ കമ്പിയിലേയ്‌ക്ക് വൈദ്യുതി കടത്തി വിടുകയും ചെയ്‌തിരുന്നു. ഇത് കൂടാതെയാണ് പാചക വാതക സിലിണ്ടർ മുറിയിൽ എത്തിച്ച് തുറന്നു വിട്ടത്.
പൊട്ടിയ ഗ്ലാസ് തുമ്പാകുമോ
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഒരു കുപ്പി ഗ്ലാസ് പൊട്ടിച്ചിതറി കിടക്കുന്നുണ്ടായിരുന്നു. വീട്ടിൽ എത്തിയ ബന്ധുവിനോ സുഹൃത്തിനോ വെള്ളമോ ചായയോ എടുത്തുകൊണ്ടു വന്നതാകാം ഗ്ലാസ് എന്നാണ് പൊലീസ് കരുതുന്നത്. സ്വീകരണ മുറി ആകെ അലങ്കോലമായി കിടന്നിരുന്നു. മൃതദേഹം കിടന്നിരുന്ന മുറിയിലെ ഫാനിൻ്റെ ലീഫ് അടിയേറ്റു വളഞ്ഞിരുന്നു. അത്രത്തോളം ആയത്തിലാണ് പ്രതി ഇരുവരുടെയും തലയ്ക്കടിച്ചതെന്നാണ് ഇതു വ്യക്തമാകുന്നത്.
വാതിൽ പുറത്തു നിന്നു പൂട്ടി
അഗ്നിരക്ഷാ സേന എത്തുമ്പോൾ വീടിന്റെ വാതിൽ പുറത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. ഉള്ളിലെ കൊളുത്തുകൾ ഇട്ടിരുന്നില്ല. മധ്യഭാഗമാണ് പൂട്ടിയിരുന്നത്. അതുകൊണ്ടു തന്നെ പുറത്തു നിന്നും പൂട്ടിയ ശേഷം താക്കോലുമായി പ്രതി രക്ഷപ്പെട്ടതായാണ് നിഗമനം. ആറടിയ്‌ക്കടുത്ത് ഉയരമുള്ള ആളാണ് കൊലപാതകിയെന്നു സംശയിക്കുന്നുണ്ട്. ഉയരമുള്ള ആൾ അടിച്ചെങ്കിൽ മാത്രമേ ഫാനിൻ്റെ ലീഫിൽ അടിയേൽക്കുവെന്നാണ് നിഗമനം.
കാമറയ്‌ക്ക് പിന്നാലെ
ദമ്പതിമാരുടെ ചുവന്ന നിറത്തിലുള്ള വാഗൺ ആർ കാറിലാണ് പ്രതികൾ രക്ഷപ്പെട്ടത്. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും അന്വേഷണം നടത്തുന്നു.