murder-

കോട്ടയം: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നിൽ മോഷണമെന്ന് സൂചന. വീട്ടമ്മ അണിഞ്ഞിരുന്ന സ്വർണമാലയും വളകളും മോതിരവും മോഷണം പോയതായി വ്യക്തമായി. കൂടാതെ പോർച്ചിൽ കിടന്നിരുന്ന കാറും അപഹരിക്കപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതു മണി കഴിഞ്ഞാണ് സംഭവം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ വിവരം പുറംലോകം അറിഞ്ഞത് വൈകുന്നേരം അഞ്ചുമണിയോടെയാണ്.

താഴത്തങ്ങാടി പാറപ്പാടം ഷാനിമൻസിലിൽ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബയാണ് (55) കൊലചെയ്യപ്പെട്ടത്. ഗുരുതരമായ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാലിക്കിന്റെ (60) നിലയിൽ മാറ്റമി്ല്ല. ഇന്ന് രാവിലെ സാലിക്കിനെ ഓപ്പറേഷന് വിധേയമാക്കും. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുൺ ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഷീബയുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തു. കവർച്ചയാണ് ആക്രമണത്തിനു പിന്നിലെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നല്കുന്ന സൂചന.

സി.സി.ടി.വി യിൽ കാർ വീട്ടിൽനിന്നും ഇറക്കിക്കൊണ്ടുപോവുന്ന ദൃശ്യം പതിഞ്ഞിരുന്നു. കാർ നേരെ കുമരകം ഭാഗത്തേക്കാണ് പോയത്. കാറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പൊലീസ് പറയുന്നത്. കാർ സംസ്ഥാനം വിട്ടുപോവാതിരിക്കാൻ ചെക്ക്പോസ്റ്റുകളിൽ ഇന്നലെ തന്നെ വിവരം അറിയിച്ചിരുന്നു. കൂടാതെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കാറിന്റെ നമ്പറും മറ്റും മെസേജ് നല്കിയിരുന്നു. എന്നാൽ കാറിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ഷീബവുടെ മൃതദേഹം ഇന്ന് രാവിലെ തന്നെ പോസ്റ്റുമോർട്ടം നടത്തും. ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനാണ് നീക്കം. ഷീബയുടെയും സാലിക്കിന്റെയും കൈകാലുകൾ ഇരുമ്പുകമ്പികൊണ്ട് കെട്ടിയിരുന്നു. ഷോക്ക് ഏല്പിച്ചിരുന്നോയെന്നകാര്യം പോസ്റ്റുമോർട്ടത്തിനുശേഷമേ അറിയാൻ സാധിക്കുകയുള്ളുവെന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ പറഞ്ഞു.

ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഇന്നലെതന്നെ കൊലപാതകം നടന്ന വീട്ടിൽ എത്തിയിരുന്നെങ്കിലും വെളിച്ചക്കുറവു മൂലം തെളിവുകൾ ശേഖരിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ എട്ടുമണിയോടെ അവർ എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇരുമ്പുദന്ഡുകൊണ്ടുള്ള അടിയേറ്റാണ് ഷീബ മരിച്ചതെന്ന് വ്യക്തമാണ്. തല ഛിന്നഭിന്നമായിട്ടുണ്ട്. ഇതേ ആയുധം കൊണ്ടാവാം സാലിക്കിന്റെ തലയ്ക്കിട്ടും അടിച്ചത്. ഇതിനിടയിൽ അടിക്കുന്നതിനിടയിൽ ഫാനിന്റെ ലീഫ് വളഞ്ഞിട്ടുണ്ട്. ശക്തമായ ആക്രമണമാണ് നടന്നിട്ടുള്ളത്. ഇരുവരെയും കത്തിക്കാൻ പ്ലാനിട്ടിരുന്നതായിട്ടാണ് സാഹചര്യതെളിവുകൾ വ്യക്തമാക്കുന്നത്. ഫുൾനിറ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടിരുന്നു.

വാടകവീട് തപ്പി എത്തിയവാരാണ് വീട്ടിൽ നിന്നും ഗ്യാസിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാരോട് വിവരം പറഞ്ഞത്. വീട് പുറത്തുനിന്നും പൂട്ടിയിട്ടിരുന്നത് സംശയത്തിന് ഇട നല്കിയിരുന്നു. വീടുമായി ബന്ധമുള്ളവരാവാം കൊലപാതകത്തിന് പിറകിലെന്നാണ് സംശയിക്കുന്നത്.