കോട്ടയം: ഷീബയെ കൊലപാതകത്തിനു പിന്നിൽ ബ്ലേഡ് സംഘമാണോയെന്ന സംശയവും ബലപ്പെടുന്നു. പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകടന്ന് വാഹനം ബലമായി കൊണ്ടുപോവുന്നത് ബ്ലേഡ് സംഘത്തിന്റെ സ്റ്റൈലാണ്. സാലിക്കിന് ബ്ലേഡു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുവഴിയുള്ള അന്വേഷണവും നടക്കുന്നുണ്ട്.
സാലിക്കിനെയും ഷീബയെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഇവർക്കുണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സംശയിക്കുന്നത്. കവർച്ച മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ പട്ടാപ്പകൽ അതിക്രമത്തിന് വരേണ്ട കാര്യമില്ല. തന്നെയുമല്ല, ഇവരുമായി അടുത്ത ബന്ധമുള്ളവരാവാം കൊലക്ക് പിറകിലെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇല്ലായിരുന്നുവെങ്കിൽ വാതിൽ തുറന്ന് കൊടുക്കുമായിരുന്നില്ല. ഇവർക്ക് കാപ്പി കൊടുക്കാൻ ഷീബ അടുക്കളയിലേക്ക് പോയിരുന്നു. കാപ്പി എടുത്ത ഗ്ലാസ് കൈയിൽനിന്ന് വീണ് ഉടഞ്ഞിരുന്നു. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിക്രമം കാട്ടിയവരെ ഷീബയ്ക്കും സാലിക്കിനും അറിയാമായിരുന്നുവെന്നും ഇവരുടെ പേര് പുറത്താവാതിരിക്കാനാണ് ഇരുവരെയും അരുംകൊല നടത്താൻ ശ്രമിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതിനാലാവണം വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതത്രേ. കൂടാതെ ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ചെയ്തിരുന്നു.
തലനാരിഴ കീറിയുള്ള അന്വേഷണത്തിനാണ് പൊലീസ് തുടക്കം കുറിച്ചിട്ടുള്ളത്. വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയ കാർ കുമരകം ഭാഗത്തേക്കാണ് പോയതെന്ന് കണ്ടെത്തിയ പൊലീസ് കാർ വൈക്കം കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ അടിക്കാനോ മറ്റോ പമ്പുകളിൽ കയറിയിട്ടുണ്ടെങ്കിൽ വിവരം അറിയിക്കാൻ പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.