pic

കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിൽ ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഹൃദ്യോഗബാധിതനായ പിതാവിനെ കാണാൻ കർശന വ്യവസ്ഥകളോടെയാണ് ഏഴുദിവസത്തെ ഇടക്കാല ജാമ്യം ജസ്റ്റിസ് എൻ.അനിൽ, എ ഹിരിപ്രസാദ് എന്നിവർ അനുവദിച്ചത്. സഹോദരി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കെവിനെ വധിക്കാൻ ഇടയാക്കിയത്. ഈ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഷാനു തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യത്തിലുമാണ് ഷാനുവിന് ജാമ്യം അനുവദിച്ചിട്ടുള്ളത്. ജാമ്യത്തിലുള്ള ഏഴു ദിവസവും രാവിലെ ഒൻപതിന് ഒറ്റയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്നും അവസാന ദിവസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ സൂപ്രണ്ടിനുമുമ്പിൽ ഹാജരാവണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

2018 മെയ് 27ന് ആണ് കേസിനാസ്പദമായ സംഭവം. സഹോദരിയെ പ്രണയിച്ചതിൽ അരിശംപൂണ്ട ഷാനു കോട്ടയത്തുള്ള വീട്ടിൽ നിന്നും രാത്രിയിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഷാനു ഉൾപ്പെടെ പത്തു പ്രതികൾക്കും കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.