കോട്ടയം : താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി തെളിവ് നശിപ്പിക്കാനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും നീക്കം നടത്തിയതിന് കൃത്യമായ സൂചന ലഭിച്ചു. മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി മുറികളിലെ സാധനങ്ങൾ വാരിവലിച്ചിട്ടത് അന്വേഷണം വഴിതിരിച്ച് വിടാനാണെന്ന സംശയമാണ് ഉയരുന്നത്. പാറപ്പാടം ഷാനി മൻസിലിൽ ഷീബ (60), ഭർത്താവ് സാലി (65) എന്നിവരെയാണ് തിങ്കളാഴ്‌ച വീടിനുള്ളിൽ അതിക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷീബ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.

എന്തിന് ഈ ക്രൂരത:

മോഷണം മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ എന്തിനാണ് പ്രതി അതിക്രൂരമായി കൊലപാതകം നടത്തിയത്. ഇരുവരുടെയും തലയ്‌ക്ക് മാരകമായി അടിച്ചുവീഴ്‌ത്തി, കൈകൾ പിന്നിലേയ്‌ക്ക് വച്ചു കെട്ടി ഷോക്കേൽപ്പിച്ച് കൊലപാതകം. തെളിവ് നശിപ്പിക്കാൻ ഗ്യാസ് സിലിണ്ടറും തുറന്നു വിട്ടു.

ഒരു മണിക്കൂറിലേറെ വീടിനുള്ളിൽ

പ്രതി ഒരു മണിക്കൂറിലേറെ വീടിനുള്ളിൽ ചെലവഴിച്ചിട്ടുണ്ട്. അടുക്കളവാതിൽ അകത്തു നിന്ന് പൂട്ടി. മുന്നിലെ വാതിൽ പുറത്തിറങ്ങിയ ശേഷം പൂട്ടിയാണ് സ്ഥലം വിട്ടത്. രാവിലെ എട്ടരയോടെ മീൻ വാങ്ങാൻ ഷീബ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനു ശേഷം രാവിലെ പത്തോടെയാകാം കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കാറിനുള്ളിൽ ഒരാൾ മാത്രമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊലയ്ക്ക് പിന്നിൽ ഒരാൾ മാത്രമാണോയെന്ന് ഉറപ്പില്ല.

സിലിണ്ടർ തുറന്നത് തീ കത്താൻ

ഗ്യാസ് സിലിണ്ടർ തുറന്നുവച്ച ശേഷം പ്രതി രക്ഷപ്പെട്ടത് വീട് അടക്കം തീ കത്തി നശിക്കുമെന്ന നിഗമനത്തിലായിരുന്നു. ഗ്യാസിന്റെ മണം തേടി വീടിനുള്ളിൽ എത്തുന്നയാൾ അറിയാതെ ലൈറ്റ് ഓൺ ചെയ്താൽ തീ പടരും. വീടും മൃതദേഹവും അടക്കം കത്തും. ഇതിലൂടെ തെളിവും നശിക്കും.

പ്രത്യേക അന്വേഷണ സംഘം

കൊലപാതകം അന്വേഷിക്കുന്നതിനായി കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെയും ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കോട്ടയം ഡിവൈ.എസ്.പി ആ‌ർ. ശ്രീകുമാർ, ജില്ലാ ക്രൈംബ്രാ‌ഞ്ച് ‌ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുൺ, പാമ്പാടി എസ്.എച്ച്.ഒ യു.ശ്രീജിത്ത്, കുമരകം എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ ടി.എസ് റെനീഷ്, ടി.ശ്രീജിത്ത് എന്നിവരും കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച പൊലീസുകാരും സംഘത്തിലുണ്ട്.