കോട്ടയം : മെഡിക്കൽ കോളേജിലെ സ്വാഭാവിക വനം വെട്ടി മാറ്റി പുതിയ ബ്ലോക്ക് പണിയുന്നതിനെ ചൊല്ലി ഇടതു മുന്നണിയിൽ ഭിന്നത. കിഫ്ബിയിൽപ്പെടുത്തി കോടികളുടെ വികസന പദ്ധതിയ്ക്കായി മരങ്ങൾ വെട്ടി മാറ്റുന്നതിനെ സി.പി.എം പിന്തുയ്ണക്കുമ്പോൾ സി.പി.ഐ എതിർക്കുകയാണ്. വനം വെട്ടി മാറ്റിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തങ്ങളുടെ കീഴിലുള്ള വനംവകുപ്പിനെ അറിയിക്കാതെ നടത്തുകയാണെന്ന് സി.പി.ഐ ആരോപിക്കുന്നു. സി.പി.ഐ പ്രതിനിധിയും പരിസ്ഥിതി പ്രവർത്തകനുമായ കെ. ബിനു ട്രീകമ്മിറ്റി അംഗമാണ്. മരം വെട്ടുന്നതിനെ കമ്മിറ്റിയിൽ എതിർത്തിരുന്നു. വികസന പദ്ധതിയുടെ പ്ലാനും സ്കെച്ചും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും മരങ്ങൾ വെട്ടി മാറ്റിയ ശേഷം പ്ലാനും സ്കെച്ചും തയ്യാറാക്കാനാവൂ എന്ന നിലപാടിലാണ് ആശുപത്രി വികസനസമിതി.
ജില്ലയിൽ വൃക്ഷത്തൈകൾ നട്ടു വളർത്തുന്ന തണലോരം പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തണൽ മരങ്ങളും ഔഷധച്ചെടികളുംവച്ചു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. മരങ്ങൾവച്ചു പിടിപ്പിച്ചിട്ട് സ്വാഭാവിക വനം വെട്ടി മാറ്റാനാണ് നീക്കമെന്നാണ് ആരോപണം.
നാളെ പ്രതിഷേധ സമരം
നാളെ സി.പി.ഐയുമായി ബന്ധപ്പെട്ട ഇസ്കഫിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലെ സ്വാഭാവിക വനത്തിന് സമീപം ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തും. തുടർന്ന് എ.ഐ.വൈ എഫും, സി.പി.ഐയും സമരം ഏറ്റെടുക്കും.
സ്വാഭാവിക വനത്തിൽ 930 മരങ്ങൾ
മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവിക വനത്തിൽ ചെറുതും വലുതുമായ 930 മരങ്ങളുണ്ട്. ഇതിന് പകരം ആദ്യഘട്ടത്തിൽ വച്ചു പിടിപ്പിക്കുന്നത് 50 മരങ്ങളാണ്.