കോട്ടയം : എം.ജി വൈസ് ചാൻസലറും പോളിമർ രസതന്ത്ര ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസിനെ സൈബീരിയൻ ഫെഡറൽ സർവകലാശാല ഓണററി പ്രൊഫസർ (ഹൊണോറിസ് കോസ) പദവി നൽകി ആദരിച്ചു. പദവി നൽകുന്നതിനുള്ള സൈബീരിയൻ ഫെഡറൽ സർവകലാശാല അക്കാദമിക് കൗൺസിലിന്റെ നിർദേശം റഷ്യൻ പ്രധാനമന്ത്രി ചെയർമാനും പ്രമുഖ ശാസ്ത്രജ്ഞരടക്കം അംഗവുമായ സർവകലാശാല ബോർഡ് ഒഫ് ട്രസ്റ്റീസ് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. സൈബീരിയൻ സർവകലാശാല നൽകുന്ന ഏറ്റവും ഉയർന്ന പദവിയാണ് ഹൊണോറിസ് കോസ. വിദേശ സർവകലാശാലകളിൽനിന്ന് പ്രൊഫ. സാബു തോമസിന് ലഭിക്കുന്ന മൂന്നാമത്തെ ഓണററി പ്രൊഫസർ ബഹുമതിയാണിത്. ഫ്രഞ്ച് സർവകലാശാലകളും ആദരിച്ചിരുന്നു. പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്‌നോളജിയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള സാബു തോമസിന്റെ ഗവേഷണ പ്രബന്ധമികവ് അളക്കുന്ന ഗൂഗിൾ എച്ച് ഇൻഡക്‌സ് സ്‌കോർ 101 ആണ്.