ചങ്ങനാശേരി: കൊവിഡ് 19നെ തുടർന്ന് മാടപ്പള്ളി പഞ്ചായത്ത് ഹോട്ട് സ്‌പോട്ടായതോടെ അഞ്ചാം വാർഡിലെ കൂവക്കാട് ഭാഗത്തെ 22 കുടുംബങ്ങളിലെ 89 പേർ ദുരിതത്തിൽ. ദമാമിൽ നിന്നെത്തിയ യുവതിക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ പ്രദേശത്തേക്കുള്ള വഴികൾ പഞ്ചായത്ത് അടച്ചിരിക്കുകയാണ്. ഇതോടെ പ്രദേശമാകെ ഒറ്റപ്പെട്ടു. ഭക്ഷ്യആവശ്യത്തിനുള്ള സാധനങ്ങൾ ഉൾപ്പെടെ തീർന്നതോടെ പ്രദേശത്തെ സാധാരണക്കാരായ കുടുംബങ്ങൾ കടുത്തദുരിതത്തിലായി.

ഭക്ഷണ സൗകര്യം ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ, തഹസിൽദാർ, ജില്ലാ കളക്ടർ എന്നിവരെ പ്രദേശവാസികൾ

ഫോണിൽ ബന്ധപ്പെട്ടിരുന്നു. പഞ്ചായത്ത് സെക്രട്ടറി ആവശ്യസാധനങ്ങൾ എത്തിച്ചുതരുമെന്നും അതിന് പണം നൽകണമെന്നുമാണ് അധികൃതർ അറിയിച്ചത്. എന്നാൽ ദിവസക്കൂലിക്കാരായ സാധരണക്കാരും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുമായ പ്രദേശവാസികൾക്ക് ജോലി ചെയ്യാതെ പണം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. ദുരിതമറിഞ്ഞ് പഞ്ചായത്തംഗം സ്വന്തംനിലയിൽ കുറച്ചു സാധനങ്ങൾ എത്തിച്ചുനൽകിയെന്ന് പ്രദേശവാസികൾ പറയുന്നു. സന്നദ്ധ സംഘടനകളും മറ്റും ഇടപെട്ട് പ്രദേശത്ത് അവശ്യ ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകണമെന്ന് പ്രദേശവാസികൾ പറയുന്നു.