കോട്ടയം : ലോക്ക് ഡൗണിൽ ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചപ്പോൾ ദുരിതം കൊട്ടിക്കയറിയത് ഇവരുടെ ജീവിതത്തിൽക്കൂടിയാണ്. ജില്ലയിലെ ആയിരത്തോളം മേളക്കാർ രണ്ടുമാസമായി ദുരിതത്തിലാണ്. ഒരു ഉദ്ഘാടന ചടങ്ങെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആശിക്കുകയാണ് ഇവർ. ശിങ്കാരിമേളക്കാർ, ബാൻഡ് മേളക്കാർ, നാസിക് ഡോൾ പ്ളേയേഴ്സ് അങ്ങനെ ദുരിതം അനുഭവിക്കുന്നവരുടെ നീണ്ട നിരയാണ്.
ഇവരെ സഹായിക്കാനും പ്രശ്‌നങ്ങൾ പഠിക്കാനും സർക്കാർ സംവിധാനം നിലവിലില്ല. ലോക്ക് ഡൗണിൽ നഷ്ടമായത് ഉത്സവങ്ങളുടേയും പെരുന്നാളുകളുടെയും സീസൺ കൂടിയാണ്. ഒരു വർഷത്തേയ്ക്കുള്ള വരുമാനം മൂന്ന് മാസത്തെ ഉത്സവ സീസണിൽ നിന്നുണ്ടാക്കുന്നവരാണ് മേളക്കാർ. ഇടയ്ക്കിടക്കുള്ള ഉദ്ഘാടന ചടങ്ങുകളും ആഘോഷങ്ങളും കൂടിയാകുമ്പോൾ പോക്കറ്റ് നിറയും. പലർക്കും ഈ മാസം ഈ മാസം 31 വരെയുണ്ടായിരുന്ന ബുക്കിംഗ് കാൻസലായി. കല്യാണങ്ങളിൽ ചെക്കനും പെണ്ണും മേളമേളത്തിനൊപ്പം താളംചവിട്ടുന്നത് ട്രെൻഡായതിനാൽ ആവഴിക്കും പണം കിട്ടേണ്ടതാണ്. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ഈ ദുരിതം ഇതാദ്യം
ജില്ലയിലെ കലാകാരന്മാരുടെ ഓർമ്മയിൽ ആദ്യമാണ് ഇങ്ങനെയാരു ദുരിതം. കഴിഞ്ഞ പ്രളയകാലത്തു പോലും ഇതുപോലൊരു ദുരന്തം ഉണ്ടായിട്ടില്ല. സമീപ ജില്ലകകളിലും മേളം അവതരിപ്പിക്കുന്നവരാണ് ഏറെയും. ചെണ്ടയുടെ നിർമ്മാണവും വില്പനയും പൂർണമായും നിലച്ചു. നിസിക് ഡോൾ കൊട്ടുന്നത് ഏറെയും വിദ്യാർത്ഥികളാണ്. ഈ വരുമാനത്തിൽ നിന്ന് പഠനം മുന്നോട്ടു കൊണ്ടുപോകുന്നവരും ഏറെയാണ്. കൂട്ടം കൂടുമെന്നതിനാൽ പരിശീലനം നടത്താനുമാകുന്നില്ല.
ദുരിതം ഇങ്ങനെ
ഉത്സവങ്ങളും പെരുന്നാളുകളും ഒഴിവാക്കി
വിവാഹങ്ങൾക്ക് ആൾ കുറച്ചു
ഉദ്ഘാടനച്ചടങ്ങുകൾ ഇല്ല
'' പ്രളയത്തിന് ശേഷം കരകയറിവരുമ്പോഴാണ് കൊവിഡ് എല്ലാം കൊണ്ടുപോയത്. ശരാശരി ഒരാൾക്ക് രണ്ട് ലക്ഷം രൂപയെങ്കിലും കൊവിഡ് കാലത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേമനിധി ആനകൂല്യങ്ങളൊന്നും ഇതുവരെ ഇല്ല
ശൈലേഷ്, ചെണ്ട കലാകാരൻ