ലോറിയിലുണ്ടായിരുന്ന രണ്ട്പേർക്ക് പരിക്ക്
മൂന്ന് ഇരുചക്രവാഹനങ്ങൾ തകർന്നു
അടിമാലി: കല്ലാർകുട്ടിയിൽ ടാറുമായി വന്ന ടാങ്കർ ലോറി പാതയോരത്തെ വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞ് കയറി.അപകടത്തിൽ ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് നേരിയ പരിക്കേറ്റു. ഇവർക്ക് അടിമാലി താലൂക്കാശുപത്രിയിൽ ചികത്സ നൽകി. ലോറി പാഞ്ഞ് വരുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അപകടം നടന്നത്.മംഗലാപുരത്തു നിന്നും ശാന്തമ്പാറ പുത്തടിയിലേക്ക് ടാറുമായി പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.കല്ലാറുകുട്ടി ജംഗ്ഷനിലെത്തിയ വാഹനം നിയന്ത്രണം നഷ്ടമായി സമീപത്തെ വ്യാപാരശാലയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.അപകടം നടന്ന ഉടനെ അടിമാലി ഫയർഫോഴ്‌സ് യൂണിറ്റിലെ സീനിയർ ഫയർഓഫീസർ ബിജു പി തോമസിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി ലോറി നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.അപകടത്തിൽ ശശി പൂവത്തിങ്കൽ,ജെയിംസ് ഒടിയമ്പാറ,സുലോചന പൂവത്തിങ്കൽ തുടങ്ങിയവരുടെ വ്യാപാരസ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.പാതയോരത്ത് നിർത്തിയിട്ടിരുന്ന അലിയാർ കെ എ, ജോബെറ്റ ജോസ് തുടങ്ങിയവരുടെ സ്‌കൂട്ടറും നിഷാദ് കെ കെ എന്നയാളുടെ ബൈക്കും ലോറിക്കടിയിൽപ്പെട്ട് തകർന്നു.ലോറി വ്യാപാരസ്ഥാപനങ്ങൾ തകർത്ത് മുമ്പോട്ട് പോയിരുന്നെങ്കിൽ കല്ലാർകുട്ടി ജലാശയത്തിൽ പതിക്കുമായിരുന്നു.മഴപെയ്തതിനെ തുടർന്ന് നനഞ്ഞ് കിടന്നിരുന്ന പാതയിലൂടെ ഇറക്കമിറങ്ങി വന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടവരുത്തിയതെന്നാണ് പ്രാഥമിക നിഗമനം.