ഇടുക്കി : ഇടുക്കി ഡാമിലെ ജലനിരപ്പു മുന്നറിയിപ്പിന് മുന്നോടിയായി ഇന്നലെ രാവിലെ 11.20 ഓടെ ആദ്യ പരീക്ഷണ സൈറൺ മുഴങ്ങി. ട്രയൽ സൈറൺ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നല്കിയിരുന്നതിനാൽ പരിസരവാസികൾക്ക് ഇത് ആശങ്കയ്ക്ക് ഇടനൽകിയില്ല. ട്രയൽ സൈറൺ ഇന്നും തുടരും. അഞ്ചു കിലോമീറ്റർ ശബ്ദ ദൂരപരിധിശേഷിയുള്ള സൈറൺ ആണ് ഉപയോഗിച്ചിരുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയെ തുടർന്ന് ശബ്ദം ഇത്രയും ദൂരം എത്തിയിരുന്നില്ല. അതു കൊണ്ടു എട്ട് കിലോമീറ്റർ ദൂരപരിധിയിൽ ശബ്ദമെത്തുന്ന പുതിയ സൈറൺ ഡാമിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് ട്രയൽ നടത്തിവരുന്നു. ഏറ്റവും കൂടുതൽ ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും സൈറൺ ക്രമീകരിക്കുന്നത്. ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ പരിസരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നല്കുന്നതിനായാണ് ഡാം ടോപ്പിൽ സൈറൺ മുഴക്കുന്നത്. അസിസ്റ്റന്റ് എഞ്ചിനിയർ മലയരാജ്, എസ് കെ എസ് ഇ ബി സബ് എൻജിനീയർ സുനിൽകുമാർ, സബ് എൻജിനീയർ ഇൻചാർജ് ലാലി.പി.ജോൺ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ട്രയൽ സൈറൺ മുഴക്കിയത്.