thazhathangady

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ കാര്യമായ സൂചനകളൊന്നും ലഭിക്കാതെ പൊലീസ് നട്ടംതിരിയുന്നു. കൊലപാതകം നടന്നിട്ട് 48 മണിക്കൂർ പിന്നിട്ടിട്ടും തെളിവ് കിട്ടിയത് കാർ കടത്തിക്കൊണ്ടുപോവുന്നതിന്റെ സി.സി. ടി.വി ദൃശ്യങ്ങൾ മാത്രം. വൈക്കം വരെ കാർ പോയതായി മാത്രമേ പൊലീസ് കണ്ടെത്തിയിട്ടുള്ളു. പിന്നീട് ഈ കാർ എങ്ങോട്ടുപോയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഷീബയെയും (60), സാലിക്കിനെയും (65) തലയ്ക്കടിച്ച ആയുധം കണ്ടെത്താനോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല. എന്നാൽ ഏതാനും വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് വീട്ടുകാരുടെ ആണോയെന്ന് തിരിച്ചറിയേണ്ടതുണ്ട്.

തിങ്കളാഴ്ച രാവിലെ ഒൻപതിനും പത്തിനും ഇടയിലാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എട്ടുമണിയോടെ മീൻ വാങ്ങാൻ റോഡരികിൽ എത്തിയിരുന്ന ഷീബയെ അയൽവാസികൾ കണ്ടിരുന്നു. പിന്നെ, പത്തുമണിയോടെ കാർ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോവുന്ന ദൃശ്യമാണ് തെളിവായി ലഭിച്ചിട്ടുള്ളത്. ഒരു മണിക്കൂറോളം പ്രതി വീടിനുള്ളിൽ ചിലവഴിച്ചതായതായി പൊലീസ് വ്യക്തമാക്കുന്നു.

വീട്ടുകാരുമായി അടുപ്പത്തിലുള്ളവരാവാം കൊലയാളി എന്നാണ് പൊലീസ് നിഗമനം. എന്നാൽ ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബ്ലേഡ് പലിശക്കാരുമായി സാലിക്കിന് ബന്ധമുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാൻ പൊലീസ് തയാറായിട്ടില്ല. ബന്ധുക്കൾ പറയുന്നത് , സാലിക്കിന് മറ്റുള്ളവരുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും പണമിടപാട് ഉള്ളതായി അറിയില്ലെന്നുമാണ്.

അതേസമയം സാലിക്കിന്റെ നിലയിൽ കാര്യമായ പുരോഗതിയില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഷീബയുടെ തലയ്ക്കേറ്റ ആഘാതം മൂലം ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സാലിക്കിനും ഷീബയ്ക്കും മൊബൈൽ ഫോണുകളുണ്ട്. സാലിക്കിന്റെ ഫോൺ വീട്ടിൽനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഷീബയുടെ ഫോൺ അക്രമി കൊണ്ടുപോയിരുന്നു. ഇതിന്റെ ലൊക്കേഷൻ ഇല്ലിക്കൽ ജംഗ്ഷൻ, കുമരകം, വൈക്കം എന്നിവിടങ്ങളിൽ എത്തിയിരുന്നു. തുടർന്ന് ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോൺ ഓഫ് ആക്കിയതാവാം എന്നാണ് കരുതുന്നത്.

സാലിക്കിന്റെ ഫോണിൽ എത്തിയ കോളുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഏതാനുംപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതലൊന്നും പറയാൻ പൊലീസ് തയാറായിട്ടില്ല. കോളുകൾ ചെക്ക്ചെയ്യാൻ വിളിപ്പിച്ചതാണെന്നാണ് പൊലീസ് വിശദീകരണം.

പാറപ്പാടം ഷാനി മൻസിലിൽ ഷീബയുടെ വീട്ടിലെ അലമാരകൾ കൊലയാളി തിരഞ്ഞെരുന്നു. സ്വർണത്തിനോ പണത്തിനോ ആണോ തിരച്ചിൽ നടത്തിയതെന്ന് അറിവായിട്ടില്ല. ആധാരം ഉൾപ്പെടെയുള്ള ഡോക്ക്മെന്റുകൾ പരിശോധിക്കാനാണോ അലമാര പരിശോധിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏതായാലും അലമാരിയിലെ വസ്ത്രങ്ങൾ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും വാരി വലിച്ചിട്ടിരുന്നു. കേസ് വഴിതിരിച്ചുവിടാനാണോ അക്രമി ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നുണ്ട്.