pic

കോട്ടയം: കേരള കോൺഗ്രസ്-എം ഗ്രൂപ്പുകളെ അനുനയിപ്പിച്ച് യു.ഡി.എഫിൽ ഉറപ്പിച്ച് നിറുത്താനുള്ള നേതൃത്വത്തിന്റെ ഇടപെടൽ പാളംതെറ്റുന്നു. അതിനാൽ, ഇനിയും മുന്നണി വിട്ടുപോവുന്നവർ പോവട്ടെ എന്ന നിലപാട് സ്വീകരിക്കാൻ യു.ഡി.എഫ് നേതൃത്വം തയാറായേക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തീർക്കാൻ ഇന്നലെ രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ ഹൗസിൽ യു.ഡി.എഫ് നേതാക്കൾ ജോസ് കെ.മാണിയുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്തിയില്ല. മുന്നണി വിട്ടുപോവാനുള്ള തീരുമാനം ജോസ് സ്വീകരിച്ചേക്കുമെന്നാണ് അറിയുന്നത്. അതേസമയം കേരള കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഇന്നോ നാളെയോ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി ചേരും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സ്ഥാനം നേരത്തെ ഉണ്ടാക്കിയ ധാരണപ്രകാരം ജോസഫ് ഗ്രൂപ്പിന് വിട്ടുനല്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ജോസ് കെ.മാണിയോട് അഭ്യർത്ഥിച്ചുവെങ്കിലും ജോസ് വിഭാഗം തള്ളുകയായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സ്ഥാനത്തെചൊല്ലി കേരള കോൺഗ്രസ് -എമ്മിൽ തർക്കം മൂത്തതോടെയാണ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിന് പ്രസിഡന്റ സ്ഥാനം നല്കി പ്രശ്നം പരിഹരിച്ചത്. അന്നുണ്ടാക്കിയ ധാരണപ്രകാരം എട്ടു മാസങ്ങൾക്കുശേഷം പി.ജെ ജോസഫ് വിഭാഗത്തിന് പ്രസിഡന്റ സ്ഥാനം കൈമാറണമെന്ന് യു.ഡി.എഫ് തീരുമാനമെടുത്തിരുന്നു. ഇത് പാലിക്കണമെന്ന് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ അഭ്യർത്ഥിച്ചുവെങ്കിലും പറ്റില്ലായെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ജോസ് കെ.മാണി. രേഖാ മൂലമുള്ള കരാർ ഇല്ലെന്നായിരുന്നു ജോസിന്റെ നിലപാട്. ഇന്നലെ നടന്ന ചർച്ചയിൽ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നിവരും പങ്കെടുത്തിരുന്നു.