അടിമാലി: കല്ലാർകുട്ടി ടൗണിലെ റോഡിന്റെ സുരക്ഷാ ഭിഷണിക്ക് ഇനിയും ശാശ്വത പരിഹാരമായില്ല.അടിമാലി,കട്ടപ്പന,രാജാക്കാട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തുന്ന റോഡുകൾ സംഗമിക്കുന്ന ഇടമെന്ന നിലയിൽ കൂടുതൽ വാഹനങ്ങൾ ഇതുവഴി കടന്ന്പോകുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് തിട്ട ഇടിഞ്ഞ് അണക്കെട്ടിലേക്ക് പതിച്ചിരുന്നു.അവിടെ ദേശിയപാതയിൽ ഇപ്പോഴും ഒറ്റവരിയായാണ് ഗതാഗതം നടന്നു വരുന്നത്.ഇടിഞ്ഞ് പോയ ഭാഗത്ത് കരിങ്കല്ലുകൊണ്ട് താൽക്കാലിക സുരക്ഷാസംവിധാനം തീർത്തതല്ലാതെ സുഗമമായ വാഹനഗതാഗതം ഇപ്പോഴും സാദ്ധ്യമായിട്ടില്ല.പ്രദേശത്ത് നിർമ്മാണ ജോലികൾക്ക് തുടക്കം കുറിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലാണ് മുമ്പോട്ട് പോകുന്നത്.ടൗണിനോട് ചേർന്ന ഭാഗത്ത് മൺഭിത്തി ഇടിച്ച് പാതയുടെ വിസ്താരം വർധിപ്പിക്കുന്ന ജോലികൾ നടത്തിയെങ്കിലും ടൗണിലെ ഗതാഗതകുരുക്കൊഴിവാക്കാൻ സാധിച്ചിട്ടില്ല.വിസ്താരം വർദ്ധിപ്പിച്ച ഭാഗത്ത് വർഷകാലത്ത് മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.നിലവിൽ ഒറ്റവരിയായി ഗതാഗതം ക്രമീകരിച്ചിരിക്കുന്ന ഭാഗത്തുകൂടി ഇരുദിശകളിലേക്കും സുഗമമായ വാഹനഗതാഗതം സാധ്യമായാൽ മാത്രമേ കല്ലാർകുട്ടിയിലെ ഗതാഗതകുരുക്കിനും സുരക്ഷാ ഭീഷണിക്കും ശാശ്വത പരിഹാരം ഉണ്ടാകു.