കോട്ടയം: ജില്ലയുടെ നാൽപ്പതാറാം കളക്ടറായി എം. അഞ്ജന ചുമതലയേറ്റു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കാലവർഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലുമാണ് ആദ്യ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കളക്ടർ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ ജില്ല ഇതുവരെ നടത്തിയ മാതൃകാപരമായ പ്രവർത്തനം തുടരേണ്ടതുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അനുവദിക്കപ്പെട്ട ഇളവുകൾ പ്രയോജനപ്പെടുത്തുമ്പോൾ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അതീവ ജാഗ്രത നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.

രാവിലെ പത്തിന് എത്തിയ പുതിയ കളക്ടറെ അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് എ.ഡി.എം അനിൽ ഉമ്മനിൽനിന്ന് ചുമതല ഏറ്റെടുത്തു. പി.കെ. സുധീർ ബാബു വിരമിച്ചതിനെത്തുടർന്നാണ് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന അഞ്ജനയെ കോട്ടയം കളക്ടറായി നിയമിച്ചത്. തിരുവനന്തപുരം പട്ടം സ്വദേശിനിയാണ്.