കോട്ടയം : ബാഗും കുടയും ചെരിപ്പുമൊക്കെ ഒരുമൂലയിലാക്കി സ്കൂൾ വിപണിയിൽ ഇടിച്ചു കേറിയ രണ്ട് ആശാന്മാരുണ്ട്. സ്മാർട്ട് ഫോണും, ലാപ് ടോപ്പും ! ലോക്ക് ഡൗൺ കാലത്തെ നഷ്ടം ഓൺലൈൻ ക്ളാസുകൾ തുടങ്ങിയതോടെ നികത്താനാകുന്നതിന്റെ സന്തോഷമുണ്ട് മൊബൈൽ-കമ്പ്യൂട്ടർ കട ഉടമകൾക്ക്. പക്ഷെ ആവശ്യത്തിന് അനുസരിച്ച് സ്റ്റോക്കില്ല.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിലും കോളജുകളിലും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ സ്മാർട്ട്ഫോൺ വിപണി ഉഷാറായി. രണ്ടുംമൂന്നും കുട്ടികളുള്ള ഒരു വീട്ടിലേക്ക് തന്നെ 2 മൊബൈൽ ഫോണുകളൊക്കെയാണ് പലരും വാങ്ങുന്നത്. പഴയ ഫോൺ മാറ്റി പുതിയ സ്മാർട്ട് ഫോൺ വാങ്ങാൻ എത്തുന്നവരും കുട്ടികൾക്ക് മാത്രമായി ഫോൺ വാങ്ങുന്നവരുമുണ്ട്.
ഡിമാൻഡ് കൂടുതൽ
പതിനായിരത്തിൽ താഴെ വിലയുള്ള മൊബൈൽ ഫോണുകൾ തേടിയാണ് കൂടുതൽ പേരും എത്തുന്നത്. എന്നാൽ പല കടകളിലും ഇതിൽ കൂടുതൽ വിലയുള്ള ഫോണുകളാണുള്ളത്. ഇന്നലെയും നഗരത്തിലെ മിക്ക മൊബൈൽ ഷോപ്പുകളിലും തിരക്കായിരുന്നു.
കണക്ഷൻ എടുക്കാനും തിരക്ക്
മൊബൈൽ ഫോൺ വില്പന കൂടിയപ്പോൾ പുതിയ കണക്ഷനും തിരക്ക്
ദിവസവും നഗരത്തിലെ കടകളിൽ 30 സിമ്മുകൾവരെ വിൽക്കുന്നു
കൂടുതൽ ഡേറ്റ ലഭിക്കുന്ന പ്ലാനുകൾക്ക് ആവശ്യക്കാർ
നെറ്റ് വർക്ക് കുറഞ്ഞവയിൽ നിന്നുള്ള പോർട്ടിംഗും കൂടി
'' കുറഞ്ഞ വിലയുള്ള ഫോണുകൾ തേടി ദിവസവും ആവശ്യക്കാരെത്തുന്നുണ്ട്. അതുപോലെ തന്നെ അനുബന്ധ ഉപകരണങ്ങൾക്കും തിരക്കാണ്. ഡിമാൻഡിന് അനുസരിച്ചുള്ള സാധനങ്ങൾ നൽകാൻ കഴിയുന്നില്ല. വലിയ ഷോറൂമുകളിൽ കൂടിയ ഫോണുകളായതിനാൽ ചെറുകടകളിൽ കൂടുതൽപ്പേർ വരുന്നുണ്ട്
വി.എസ്. അരുൺ, ഗ്യാലക്സി മൊബൈൽസ്