കോട്ടയം : ഓഫർ ഉണ്ടെന്ന് പ്രചരിപ്പിച്ച് പൊതുപ്രവർത്തകയെ പറ്റിച്ച പ്രമുഖ ചിക്കൻ വിഭവ വിതരണ സ്ഥാപനമായ കെ.എഫ്.സിക്ക് പണികൊടുത്ത് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം. ലോക് ജനശക്തിപാർട്ടി നേതാവ് രമാ ജോർജിന്റെ പരാതിയിലാണ് കഞ്ഞിക്കുഴിയിലെ കെ.എഫ്.സി ഔട്ട്ലെറ്റ് നഷ്ടപരിഹാരം നൽകാൻ ഫോറം പ്രസിഡന്റ് അഡ്വ.വി.എസ്.മനുലാൽ വിധിച്ചത്.

അയ്യായിരം രൂപ നഷ്ടപരിഹാരവും രണ്ടായിരം രൂപ ചെലവിലേയ്ക്കും ഭക്ഷണത്തിന് അധികം വാങ്ങിയ 256 രൂപ പലിശയടക്കം നൽകണമെന്നുമാണ് വിധി. 2016 ഡിസംബർ 28നായിരുന്നു സംഭവം. 10 ചിക്കൻ പീസ് 400 രൂപയ്ക്ക് കഞ്ഞിക്കുഴിയിലെ ഔട്ട്ലെറ്റിൽ നിന്ന് ലഭിക്കുമെന്നും ഇതിലൂടെ ഉപഭോക്താവിന് 47 ശതമാനം ലാഭമുണ്ടെന്നുമായിരുന്നു കെ.എഫ്.സിയുടെ പ്രചരണം. ഇതനുസരിച്ച് വാങ്ങിയ ചിക്കന് 656 രൂപ ഈടാക്കി. 539രൂപ ചിക്കന്റെ വിലയും ബാക്കി പണം നികുതിയുമായിരുന്നു. തുടർന്നാണ് പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തി ഉപഭോക്താക്കളെ കെ.എഫ്.സി വഞ്ചിക്കുകയായിരുന്നെന്ന് ഫോറം കണ്ടെത്തി. ഒരു മാസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 9 ശതമാനം പലിശ അധികമായി നൽകണം.