വൈക്കം: കൊവിഡിനെ തുടർന്നുള്ള സാഹചര്യങ്ങൾ പരിഗണിച്ച് കയർ സംഘങ്ങളിൽ നിന്ന് വിരമിച്ചവർക്കു സംരക്ഷണം നൽകണമെന്ന് ആവശ്യമുയരുന്നു. സഹകരണ മേഖലയിലുള്ള പരമ്പരാഗത വ്യവസായങ്ങളിൽ പ്രമുഖ സ്ഥാനമാണ് കയർ വ്യവസായത്തിനുള്ളത്. എന്നാൽ കയർ വ്യവസായം എന്നും പീഢിത വ്യവസായങ്ങളുടെ പട്ടികയിലാണ്. കയർ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള ഇതര സഹകരണ ജീവനക്കാർക്കു ലഭിക്കുന്നതിനേക്കാൾ തുച്ഛമായ ശമ്പളനിരക്കാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതുപോലും കൃത്യമായി ലഭിക്കാറില്ല. വിരമിച്ച ജീവനക്കാർക്ക് ലക്ഷക്കണക്കിന് രൂപ ശമ്പളക്കുടിശിഖ , ഗ്രാറ്റുവിറ്റി, പി.എഫ് ഇനങ്ങളിലായി സംഘങ്ങളിൽ നിന്നും നൽകാനുണ്ട്. വിരമിച്ചവർക്ക് പെൻഷനും ലഭിക്കാനുണ്ട്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് വിരമിച്ചവർക്ക് സംരക്ഷണം നൽകണമെന്ന ആവശ്യമുയർന്നിരിക്കുന്നത്.