കോട്ടയം : താഴത്തങ്ങാടി കൊലപാതകത്തിൽ അന്വേഷണം ജില്ലയ്ക്ക് പുറത്തേയ്ക്ക് വ്യാപിപ്പിച്ചു. വീട്ടിൽ നിന്ന് മോഷണം പോയ കാർ എറണാകുളം ഭാഗത്തേയ്‌ക്ക് പോയതായി കണ്ടെത്തിയതിനെ തുടർന്നാണിത്.

തിങ്കളാഴ്‌ചയാണ് പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെയാണ് വീടിനുള്ളിൽ ആക്രമിച്ചു വീഴ്‌ത്തിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീബ മരിച്ചു. സംഭവത്തിനു പിന്നിൽ മോഷണം മാത്രമല്ല ലക്ഷ്യമെന്നാണ് പൊലീസിന്റെ നിഗമനം.

ദമ്പതിമാരുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നവരുടെ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ട്. അടുപ്പമുള്ളവർ തന്നെയാണ് കൊലപാതകത്തിനു പിന്നിലെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ്. മുൻ വാതിലിലൂടെയാണ് പ്രതിയുള്ളിൽ കടന്നത്. അടുക്കള വാതിലുള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് പ്രതി എത്തിയിരുന്നതെങ്കിൽ ഇയാൾ വീട്ടുടമകളെ ആക്രമിച്ച് വീഴ്‌ത്തിയ ശേഷം എത്രയും വേഗം രക്ഷപ്പെടാനാണ് ശ്രമിക്കുക. വാതിലുകൾ അടച്ചു പൂട്ടാനോ, മരണം ഉറപ്പാക്കാനോ കാത്തു നിൽക്കുകയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഷോക്ക് അടിപ്പിച്ചതും, ഗ്യാസ് സിലണ്ടർ തുറന്നു വച്ചതും മരണം ഉറപ്പാക്കാനായിരുന്നു.

കാറിനായി വ്യാപക പരിശോധന

കുമരകം ഭാഗത്ത് കൂടി വൈക്കത്തേയ്‌ക്ക് കാർ എത്തിയത് കണക്കിലെടുത്ത് എറണാകുളം, ആലപ്പുഴ ജില്ലകളിൽ പൊലീസ് വാഹനത്തിനായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ദേശീയ പാതയിലെ സി.സി.ടി.വി കാമറകളും, ടോൾ ഗേറ്റുകളും നിരീക്ഷിക്കുന്നുണ്ട്. കുടുംബവുമായി ബന്ധമുള്ള എട്ടുപേരെ ചോദ്യം ചെയ്തു. ജില്ലാ പൊലീസ് മേധാവി ജ.ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.