കടനാട്,മീനച്ചിൽ,മൂന്നിലവ്,മുത്തോലി പഞ്ചായത്തുകളിൽ പുതിയ പദ്ധതികൾ

പാലാ: നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട നാലു പഞ്ചായത്തുകളിൽ ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 8ന് നടക്കുമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ അറിയിച്ചു. കടനാട്, മീനച്ചിൽ, മൂന്നിലവ്, മുത്തോലി പഞ്ചായത്തുകളിലാണ് വികസന പദ്ധതികൾക്കു തുടക്കം കുറിക്കുന്നത്. കടനാട് ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിക്കുന്ന ലളിതമായ ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജടീച്ചർ വീഡിയോ കോൺഫ്രൻസിലൂടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

കടനാട് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ഇവിടെ ആർദ്രം മിഷനിൽ നിന്നും അനുവദിച്ച ഒരു കോടി 54 ലക്ഷം രൂപ ഉപയോഗിച്ചു നിർമ്മിക്കുന്ന പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം നടക്കും.

മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ഉദ്ഘാടനം ചെയ്യും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ മാണി.സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജയ്‌സൺ പുത്തൻകണ്ടം, മേഴ്‌സിക്കുട്ടി കുര്യാക്കോസ്, ജോയി തോമസ്, രാജൻ മുണ്ടമറ്റം തുടങ്ങിയവർ പങ്കെടുക്കും.

കുടുംബാരോഗ്യ കേന്ദ്രം

മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഇവിടെ നടപ്പാക്കുന്ന 17 ലക്ഷം രൂപയുടെ വികസന പദ്ധതിയുടെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിക്കും. മുത്തോലി ഗ്രാമപഞ്ചായത്തിലെ മേവിട പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബ കേന്ദ്രമായി ഉയർത്തിയിട്ടുണ്ട്. ഇവിടെ 35 ലക്ഷം ഉപയോഗിച്ചു നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടത്തും. ഇവിടെ മുമ്പ് കെ.എം മാണി എം.എം.എ ആയിരുന്നപ്പോൾ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കും. ലാബ് ഉപകരണങ്ങൾ വാങ്ങാൻ മാണി.സി.കാപ്പൻ എം.എൽ.എ 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.