കോട്ടയം : മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവിക വനം നശിപ്പിച്ച് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത് സമീപത്തെ 25 ലക്ഷം ലിറ്റർ ശേഷിയുള്ള കൂറ്റൻ വാട്ടർടാങ്കിന് ഭീഷണി ആയേക്കും. ആർപ്പൂക്കര, അതിരമ്പുഴ, നീണ്ടൂർ അയ്മനം , പഞ്ചായത്തുകളിലേക്കും ഏറ്റുമാനൂർ നഗരസഭയിലേക്കും വെള്ളമെത്തിക്കുന്നതിനുള്ള ടാങ്കുകൾ ഇതിന് സമീപമാണ്. 17.5 ലക്ഷം ലിറ്ററിന്റെയും 7.5 ലക്ഷം ലിറ്ററിന്റെയും രണ്ട് ടാങ്കുകളും ശുദ്ധീകരണ പ്ലാന്റുമാണ് ഇവിടുള്ളത്. സ്വാഭാവികവനവും പ്ലാന്റും തമ്മിൽ 20 മീറ്ററാണ് അകലം. ഏഴുവർഷം മുമ്പ് വനംവെട്ടി പുതിയ ബ്ലോക്ക് നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിച്ചത് ടാങ്കിന്റെ സുരക്ഷ കണക്കിലെടുത്തായിരുന്നു.

അനുവദിക്കില്ല : എ.ഐ.വൈ.എഫ്

വികസനത്തിന്റെ മറവിൽ ആശുപത്രി വളപ്പിലുള്ള സ്വാഭാവികവനം വെട്ടി നശിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് അധികൃതർ പിന്മാറണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നിരവധി ഏക്കർ സ്ഥലം മെഡിക്കൽ കോളേജിന് ഉണ്ടായിട്ടും പരിസ്ഥിതി പ്രാധാന്യമുള്ള സ്വാഭാവിക വനം നശിപ്പിക്കുന്നതിലെ ഗൂഢലക്ഷ്യം തിരിച്ചറിയണം. ഇതരആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഥലത്ത് പുതിയ ബ്ലോക്ക് നിർമ്മിക്കണം. വികസനത്തിന്റെ പേരിൽ പരിസ്ഥിതീ നശീകരണത്തോട് യോജിപ്പില്ല. നിർദ്ദിഷ്ട പദ്ധതിയുമായി മുന്നോട്ട് പോയാൽ ശക്തമായ സമര പരിപാടികളുമായി എ.ഐ.വൈ.എഫ് രംഗത്തിറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് മനോജ് ജോസഫ്, സെക്രട്ടറി പി.പ്രദീപ് എന്നിവർ അറിയിച്ചു.