അന്വേഷണസംഘത്തെ അഞ്ചായി തിരിച്ചു

കോട്ടയം : താഴത്തങ്ങാടി കൊലപാതക കേസിൽ അന്വേഷണസംഘത്തെ മൂന്ന് സി.ഐമാരുടെയും രണ്ട് ഡിവൈ.എസ്.പിമാരുടെയും നേതൃത്വത്തിൽ അഞ്ചായി തിരിച്ചു. ഓരോ സംഘത്തിനും പ്രത്യേക കാര്യങ്ങളാണ് നൽകിയിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുൺ, കുമരകം എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, പാമ്പാടി എസ്.എച്ച്.ഒ യു.ശ്രീജിത്ത് എന്നിവരാണ് സംഘത്തിൽ. സംഭവ ദിവസവും തലേന്നും താഴത്തങ്ങാടിയിലെ ടവർ ലൊക്കേഷൻ പരിധിയിലുണ്ടായിരുന്ന ആയിരത്തോളം ഫോൺ കാളുകളുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ച് തുടങ്ങി.

അന്വേഷണ വിഷയങ്ങൾ ഇങ്ങനെ

കാർ പോയ വഴിയും, സി.സി.ടി.വി കാമറാ ദൃശ്യങ്ങളും

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ

സാമ്പത്തിക ഇടപാടുകൾ ആരൊക്കെയായി

സമാനരീതിയിലുള്ള മോഷണവും, കൊലപാതകവും

പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വിരലടയാളം

തള്ളാതെ ഇതരസംസ്ഥാന സാദ്ധ്യത

കൊലപാതകത്തിന്റെ ആസൂത്രണത്തിന് പിന്നിൽ ഒരാൾ മാത്രമാണെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും കൂടുതൽ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മോഷ്‌ടിച്ച കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സി.സി.ടി.വി കാമറയിൽ വ്യക്തമായിട്ടുണ്ട്. ഇയാളെ സഹായിക്കാൻ ഉണ്ടായിരുന്നവർ മറ്റേതെങ്കിലും വഴിയിലൂടെ രക്ഷപ്പെടാനുള്ള സാദ്ധ്യതയാണ് അന്വേഷിക്കുന്നത്.