കോട്ടയം : ലോക പരിസ്ഥിതി ദിനമായ 5 ന് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ 50 പച്ചത്തുരുത്തുകൾ ഒരുക്കും. വനംവന്യ ജീവി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പാതയോരങ്ങൾ, വേമ്പനാട്ടു കായലിന്റെയും മണിമലയാറിന്റെയും തീരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പച്ചതുരുത്തുകളുണ്ടാക്കുന്നത്.
എലിക്കുളം പൊന്നൊഴുകും തോടിനു സമീപം വൃക്ഷത്തൈകൾ നട്ട് മാണി സി.കാപ്പൻ എം.എൽ.എ പച്ചതുരുത്ത് നിർമ്മാണം ഉദ്ഘാടനം ചെയ്യും.
എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും പച്ചത്തുരുത്ത് ഒരുക്കുന്ന പദ്ധതിയ്ക്കും ചടങ്ങിൽ തുടക്കമാകും. ജൈവവേലി നിർമ്മാണം, ഒരു വീടിന് ഒരു മരം പദ്ധതി എന്നിവയ്ക്കും പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ തുടക്കമിടും. ജില്ലാ ഹോമിയോ ആശുപത്രിയിൽ മതിലിനു പകരം ജൈവവേലിയും സർക്കാർ ജീവനക്കാരുടെ മുട്ടമ്പലത്തെ ക്വാർട്ടേഴ്‌സുകൾക്കു മുന്നിൽ വൃക്ഷത്തൈകളും നടും.