കോട്ടയം : മലപ്പുറം വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഓൺലൈൻ പഠന സൗകര്യമില്ലാതെ ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിവീശി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി എന്നിവർക്ക് പരിക്കേറ്റു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു സംഘർഷത്തിന് തുടക്കം. ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ പട്ടിക നൽകണമെന്നാവശ്യപ്പെട്ട് നേതാക്കൾ കളക്ടറെ കാണണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് തയ്യാറായില്ല. ബലം പ്രയോഗിച്ച് ഉള്ളിലേയ്ക്ക് കയറാൻ ശ്രമിച്ചതോടെയായിരുന്നു ലാത്തിവീശൽ. ആത്മഹത്യയുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാനസർക്കാരിനാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഒന്നാംതീയതി തന്നെ സ്‌കൂളുകൾ തുറന്നുവെന്ന് കാണിക്കാനുള്ള വ്യഗ്രതയ്ക്കപ്പുറത്തേയ്ക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ സജ്ജമാണോയെന്ന് പരിശോധിക്കുകയായിരുന്നു സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, ടോം കോര, ജോബിൻ ജോക്കബ് ,സുബിൻ മാത്യു ജില്ലാ ജനറൽ സെക്രട്ടറിമാരായ റോബി ഊടുപുഴയിൽ, തോമസ്‌കുട്ടി മുക്കാലാ, നൈഫ് ഫൈസി, ജെനിൻ ഫിലിപ്പ് , എം.കെ ഷെമീർ, അജീഷ് ,രാഹുൽ രാജീവ്, അരുൺ മാർക്കോസ്, അജീഷ് ഐസക്ക് തുടങ്ങിയവർ പ്രസംഗിച്ചു.