പാലാ: കോട്ടയം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് ചികിത്സാ കേന്ദ്രമായി പാലാ ജനറൽ ആശുപത്രിയിലെ പുതിയ മന്ദിരം ഒരുങ്ങി. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങളുള്ളവരുടെ ചികിത്സാ കേന്ദ്രമായാണ് ജനറൽ ആശുപത്രിയെ സജ്ജമാക്കിയിരിക്കുന്നത്.

നിലവിൽ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും ജില്ലാ ജനറൽ ആശുപത്രിയിലുമാണ് കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്.

പുതിയ മന്ദിരത്തിലെ സൗകര്യങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വിലയിരുത്തി. രോഗവ്യാപനം വർദ്ധിച്ചാൽ കോട്ടയത്തെ ആശുപത്രികളിലുണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് പാലാ ജനറൽ ആശുപത്രിയിലും അടിയന്തിര സൗകര്യങ്ങളൊരുക്കിയിട്ടുള്ളതെന്ന് ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. ആദ്യഘട്ടത്തിൽ 100 കിടക്കകളുള്ള കോവിഡ് വാർഡാണ് സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് ചികിത്സയിൽ പരിശീലനം ലഭിച്ച ജീവനക്കാരെ ഇവിടേയ്ക്ക് നിയോഗിക്കും. വേണ്ടിവന്നാൽ കൂടുതൽ ഡോക്ടർമാരെയും നിയമിക്കും. ജയിലിൽ നിന്നു മടങ്ങുന്നവരെ പരിശോധിക്കാനും വേണ്ടി വന്നാൽ കിടത്തി ചികിത്സിക്കാനുമുള്ള ക്രമീകരണങ്ങൾ ഇന്നു മുതൽ പാലാ ജനറൽ ആശുപത്രിയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡി.എം. ഒ പറഞ്ഞു. കോട്ടയത്തെ ആശുപത്രികളിൽ നിലവിലെ സൗകര്യങ്ങളിൽ അൻപത് ശതമാനത്തിലധികം രോഗികൾ വന്നാൽ അവരെ പാലായിലേക്ക് ചികിത്സയ്ക്ക് അയയ്ക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.