കോട്ടയം: കേരള കോൺഗ്രസുകളുടെ സമ്മർദ്ദതന്ത്രം ഇനി വിലപ്പോവില്ല. ഉറച്ച തീരുമാനങ്ങളുമായി കോൺഗ്രസ്. മുന്നണി ധാരണ പാലിക്കാൻ എല്ലാ ഘടകകക്ഷികൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കോട്ടയം ഡി.സി.സി നേതൃത്വം വ്യക്തമാക്കി. മുൻ ധാരണപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ.മാണി വിഭാഗം രാജിവയ്ക്കണമെന്നും പി.ജെ ജോസഫ് വിഭാഗത്തിന് സ്ഥാനം കൈമാറണമെന്നും ഡി.സി.സി യോഗം ജോസ് കെ.മാണിയോട് അഭ്യർത്ഥിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ജോസ് കെ.മാണിയും പി.ജെ ജോസഫും അവകാശവാദം ഉന്നയിച്ചപ്പോൾ യു.ഡി.എഫ് നേതൃത്വമാണ് ഇതിൽ ഇടപെട്ട് പരിഹരിച്ചത്. കോൺഗ്രസാണ് ഇതിന് മുന്നിൽ നിന്നത്. അതുകൊണ്ടുതന്നെ ധാരണ നടപ്പിലാക്കാൻ കോൺഗ്രസിന് കടമയുണ്ടെന്നും ഡി.സി.സി യോഗം വിലയിരുത്തി.
അതേസമയം യു.ഡി.എഫ് നേതൃത്വത്തെ ഭീഷണിപ്പെടുത്തി ജില്ലാ പ്രസിഡന്റ് സ്ഥാനം തട്ടിയെടുക്കാനുള്ള പി.ജെ ജോസഫിന്റെ ശ്രമം വിലപ്പോവില്ലെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കെ.എം മാണി രൂപംകൊടുത്ത രാഷ്ട്രീയ ഉടമ്പടി പ്രകാരമാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ജില്ലാ പഞ്ചായത്ത് പദവി നല്കിയതെന്നും കേരള കോൺഗ്രസ്-എം ഉന്നതാധികാര സമിതി അംഗംകൂടിയായ ചാഴികാടൻ വ്യക്തമാക്കി.