thazhatangadi

കോട്ടയം: മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്ന് താഴത്തങ്ങാടി കൊലപാതകക്കേസിൽ പിടിയിലായ പ്രതി പൊലീസിനോട് വ്യക്തമാക്കി. കൊല്ലപ്പെട്ട പാറപ്പാടം ഷാനി മൻസിലിൽ ഷീബയുടെ (60) വീടുമായി അടുത്ത ബന്ധമുള്ള സഹോദരന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ബിലാൽ (23) ആണ് അരുംകൊല നടത്തിയശേഷം സ്വർണവും പണവും പോർച്ചിൽ കിടന്നിരുന്ന കാറുമായി കടന്നുകളഞ്ഞത്. എറണാകുളത്ത് താമസിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എറണാകുളത്തുനിന്നുമാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷ്ടിച്ചെടുത്ത കാറും പിടിച്ചെടുത്തു.

താഴത്തങ്ങാടിയിൽ ഹോട്ടൽ നടത്തിയിരുന്ന ബിലാൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെ മുഹമ്മദ് സാലിക്കിന്റെ (65) വീട്ടിലെത്തി. മുൻവശത്തെ വാതിലിലൂടെ അകത്തുകയറിയ ബിലാൽ സെറ്റിയിൽ ഇരുന്നു. ഇതിനിടയിൽ സാലിക്ക് എത്തി. ഉടനടി യാതൊരു പ്രകോപനവുമില്ലാതെ മുറിയിൽ കിടന്നിരുന്ന ടീപ്പോയി ചവിട്ടിപ്പൊട്ടിച്ച് അതിന്റെ കാൽ എടുത്ത് സാലിക്കിന്റെ തലിയിൽ അടിക്കുകയായിരുന്നു. ശബ്ദംകേട്ട് അടുക്കളയിൽ നിന്നും ഓടിയെത്തിയ ഷീബയേയും അടിച്ചുവീഴ്ത്തി. ബോധം നഷ്ടമായി കിടന്നിരുന്ന ഇരുവരും മരിച്ചുവെന്നാണ് ബിലാൽ കരുതിയത്.

തുടർന്നാണ് അലമാരി പരിശോധിച്ചത്. അവിടെനിന്നും ലഭിച്ച സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഷീബയുടെ മൃതദേഹത്തിൽ നിന്ന് സ്വർണമാലയും വളയും മോതിരവും ഊരിയെടുത്തു. തുടർന്നാണ് സ്വീകരണ മുറിയിലെ മേശപ്പുറത്ത് കിടന്നിരുന്ന വാഗൺ-ആ‌ർ കാറിന്റെ താക്കോൽ കൈക്കലാക്കിയത്. പത്തുമണിയോടെ കാറുമായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

തെളിവുകൾ നശിപ്പിക്കാനും ബിലാൽ ശ്രമിച്ചിരുന്നു. അതിനായിട്ടാണ് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആരെങ്കിലും വൈദ്യുതി ബൾബ് പ്രകാശിപ്പിക്കാൻ സ്വിച്ച് ഇട്ടാൽ തീ പടരുമെന്നും ഇരുവരും കത്തി ചാമ്പലാവുമെന്നുമാണ് കരുതിയത്. കൂടാതെ വീട് പുറത്തുനിന്നും പൂട്ടിയതിനാൽ ഷീബയും സാലിക്കും പുറത്തുപോയതായി അയൽക്കാർ കരുതുമെന്നും ഇയാൾ ഉറപ്പിച്ചിച്ചിരുന്നു. വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

ഇരുവരും മരിച്ചുവെന്ന് കരുതി പുറത്തിറങ്ങിയ ബിലാൽ കാറുമായി സ്ഥലം വിടുകയായിരുന്നു. വൈക്കത്ത് എത്തിയ ഇയാൾ നേരെ പോയത് ആലപ്പുഴയിലേക്കാണ്. തുടർന്നാണ് എറണാകുളത്തേക്ക് പോയത്. കാറിനായി എറണാകുളത്ത് പൊലീസ് സംഘം തിരച്ചിൽ നടത്തിവരികയാണ്.

എത്ര സ്വർണം കവർന്നെന്നോ പണം എത്ര എടുത്തെന്നോ വിവരം ലഭിച്ചിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വിശദവിവരം ലഭിക്കുകയുള്ളു. ഇന്നുതന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയാവും മുമ്പേ ബിലാൽ രണ്ട് മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് വ്യക്തമാക്കി.