bilal

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊല്ലുകയും ഭർത്താവിനെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മുൻ അയൽക്കാരനും സഹായിയുമായ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ(23) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു.

ജൂൺ ഒന്നിനാണ് പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷീബ മരിച്ചു. സാലി ആശുപത്രിയിലാണ്.

പണം ചോദിച്ചപ്പോൾ നൽകാത്തതിന് തലയ്ക്കടിച്ചു വീഴ്ത്തി ഷോക്കേല്പിച്ച ശേഷം സ്വർണവും പണവും മോഷ്ടിച്ച് ദമ്പതിമാരുടെ കാറിൽ രക്ഷപ്പെടുകയായിരുന്നു. 28 പവനും പണവും കാറും പൊലീസ് കണ്ടെത്തി.

പൊലീസ് പറയുന്നത്: സാലിയുടെ വീടിനു പിന്നിൽ, ഭാര്യാസഹോദരന്റെ വീട്ടിൽ ബിലാൽ നേരത്തെ വാടകയ്‌ക്ക് താമസിച്ചിരുന്നു. സ്വന്തമായി വീട് വച്ച് അച്ഛനും അമ്മയ്ക്കും പെങ്ങൾക്കുമൊപ്പം താഴത്തങ്ങാടിയിലേക്ക് താമസം മാറിയെങ്കിലും ഇയാൾ ദമ്പതിമാരുമായുള്ള അടുപ്പം തുടർന്നു. ഇവർക്ക് സഹായിയായി എപ്പോഴും എത്താറുമുണ്ടായിരുന്നു. അവിവാഹിതനാണ്.

മേയ് 31 രാത്രി നാടു വിടണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ നിന്നിറങ്ങിയ ബിലാൽ പുലരുംവരെ കടത്തിണ്ണയിൽ കിടന്നുറങ്ങി. തുടർന്ന് സാലിയുടെ വീട്ടിലെത്തി. ഇവിടെ ലൈറ്റ് കാണാത്തതിനെ തുടർന്ന് അവർ ഉണർന്നില്ലെന്ന് മനസിലാക്കി താഴത്തങ്ങാടി ഭാഗത്തെ കടയിൽ പോയി ചായ കുടിച്ചു. തിരിച്ചെത്തിയപ്പോൾ വെളിച്ചം കണ്ട് കോളിംഗ് ബെല്ലടിച്ചു. ഷീബയാണ് വാതിൽ തുറന്നത്. അല്പനേരം സംസാരിച്ചിരുന്ന ശേഷം ഷീബയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ ഷീബ ഇയാൾക്കു നൽകാനായി മുട്ട പുഴുങ്ങാൻ അടുപ്പത്തു വച്ചു.

ഈ സമയം സാലിയോട് ഇയാൾ പണം കടം ചോദിച്ചു. ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായതോടെ ബിലാലിനോട് വീട്ടിൽ നിന്നിറങ്ങിപ്പോകാൻ സാലി ആവശ്യപ്പെട്ടു. ക്ഷുഭിതനായ പ്രതി ടീപ്പോയി എടുത്ത് സാലിയുടെ തലയ്‌ക്കടിച്ചു. ശബ്‌ദം കേട്ട് ഓടിയെത്തിയ ഷീബയെയും അടിച്ചുവീഴ്ത്തി. മരിച്ചില്ലെന്നു മനസിലാക്കി ഇരുവരുടെയും കൈകൾ കമ്പി ഉപയോഗിച്ച് പിന്നിൽ നിന്നു കെട്ടി. വയർ പ്ളഗ്ഗിൽ കുത്തി ഷോക്കേൽപ്പിച്ചു.

ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച പ്രതി അലമാരയിൽ തെരഞ്ഞ് സ്വർണവും പണവും എടുത്തു. വീടിന്റെയും കാറിന്റെയും താക്കോലെടുത്ത് പുറത്തിറങ്ങി കാറുമായി കടന്നു.

ചെങ്ങളം ഭാഗത്തെ പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ച ശേഷം കുമരകം വഴി മുഹമ്മ ഭാഗത്തേക്കു പോയി. ആലപ്പുഴ മുഹമ്മദൻസ് യു.പി സ്‌കൂളിനു സമീപം കാർ ഉപേക്ഷിച്ച് പല വാഹനങ്ങളിലായി എറണാകുളത്ത് എത്തി. ഹോട്ടൽ ജീവനക്കാരൻ എന്ന പേരിൽ മുറിയെടുത്ത് ഫോർട്ട് കൊച്ചിയിൽ തങ്ങി.പെട്രോൾ പമ്പിൽ നിന്നുള്ള സി.സി ടി.വി കാമറാ ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.