കോട്ടയം: അടുത്ത കൂട്ടുകാരില്ല. വീട്ടുകാരുമായി നിരന്തരം കലഹം. ചെറുപ്പത്തിലേ മോഷണക്കേസ്. മുഹമ്മദ് ബിലാലിനെപ്പറ്റി നാട്ടുകാർ ഒറ്റവാക്കിൽ പറയുന്നത് പ്രത്യേക സ്വഭാവക്കാരൻ എന്നാണ്. പുലർച്ചെ വരെ ഫാേണിൽ പബ്ജി ഗെയിം കളിയാണ് പ്രധാന വിനോദം. പണവും ആഹാരവും നൽകി സഹായിച്ചിരുന്നവരോടാണ് ബിലാൽ ക്രൂരത കാട്ടിയത്!
താഴത്തങ്ങാടി ചിന്മയ വിദ്യാലയത്തോട് ചേർന്നുള്ള സ്ഥലത്ത് വീട് വയ്ക്കുന്നതിന്റെ ഭാഗമായാണ് കൊല്ലപ്പെട്ട ഷീബയുടെ വീടിനടുത്ത് ബിലാലിന്റെ കുടുംബം വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ഒരു മതിലകലം മാത്രമുള്ള വീട്ടിലെ പയ്യനുമായി ഷീബയുടെ കുടുംബം പെട്ടെന്ന് അടുത്തു. വിദേശത്ത് ജോലി ചെയ്യുന്ന ഒറ്റമകൾ മാത്രമുള്ള ഷീബ-സാലി ദമ്പതികൾക്ക് വലിയ സഹായമായിരുന്നു ബിലാൽ. അയൽവാസികളുമായിപ്പോലും യാതൊരു അടുപ്പവും കാട്ടാത്ത ദമ്പതികൾ ബിലാലിനെ സ്വന്തക്കാരനെ പോലെ കണ്ടു. സാമ്പത്തികമായി സഹായിച്ചു, പലപ്പോഴും ആഹാരം നൽകി. പ്രളയത്തിൽ വെള്ളംകയറിയപ്പോൾ സാധനങ്ങൾ മാറ്റാനും മറ്റും ഇവരെ സഹായിച്ചത് ബിലാലായിരുന്നു. വീട് മാറിപ്പോയിട്ടും ഏത് സമയത്തും കയറിച്ചെല്ലാവുന്ന സ്വാതന്ത്ര്യം ബിലാലിന് ഈ വീട്ടിലുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യമാണ് ദമ്പതികൾക്ക് കുരുക്കായത്.
പത്താം ക്ളാസിന് ശേഷം ഹോട്ടലുടമയായ പിതാവ് നിസാമിനെ സഹായിക്കാൻ കൂടി. ഹോട്ടലിൽ പൊറാട്ട സ്പെഷ്യലിസ്റ്റായിരുന്നു ബിലാൽ. ഇതിനിടെ വാഹനങ്ങളുടെ ബാറ്ററി ഊരി വിറ്റതിന് പ്രായപൂർത്തിയാകുന്നതിന് മുൻപേ പൊലീസിന്റെ പിടിയിലായി. പിന്നീടും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് വീട് വിട്ടുപോകും. രണ്ട് ദിവസം കഴിഞ്ഞ് വീട്ടുകാർ കൂട്ടിക്കൊണ്ടുവരും. വീട് വിട്ടുപോകുമ്പോൾ ഗ്യാസ് സിലിണ്ടറിന്റെ കഷ്ണം, ഇലക്ട്രിക് കേബിളുകൾ എന്നിവയും കൊണ്ടുപോകും. സ്റ്റൗ നന്നാക്കുന്നതിലും ഇലക്ട്രിക്കൽ ജോലികളിലും മിടുക്കനാണ്.
ഗൾഫിൽ നിന്ന് എത്തിയ പിതാവുമായും നിരന്തരം കലഹിച്ചിരുന്നു. മകന്റെ നിർബന്ധ പ്രകാരം വിലകൂടിയ ഫോണും ബ്രാൻഡഡ് വസ്ത്രങ്ങളും പിതാവ് വാങ്ങി നൽകിയിരുന്നു. പുലർച്ചെവരെ പബ്ജി കളിക്കുന്നതിന് അദ്ദേഹം തലേന്നും വഴക്ക് പറഞ്ഞിരുന്നു.
''മടുത്തു, അവനു വേണ്ടി
ഇനി കോടതികേറില്ല''
'' അവന് വേണ്ടി ഇനി കോടതികയറാൻ ഞാനില്ല. എനിക്ക് ഒരുമോൾകൂടിയുണ്ട്. അവളെ പഠിപ്പിച്ച് വലുതാക്കണം. അവൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടണം. കൊലപാതകം നടന്നപ്പോഴേ എനിക്ക് ബിലാലിനെ സംശയമുണ്ടായിരുന്നു'' വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഹമ്മദ് ബിലാലിന്റെ പിതാവ് മാലിപ്പറമ്പിൽ നിസാം ഹമീദ് പറഞ്ഞു.
'' കൊലപാതകം നടന്നതിന് തലേന്നാണ് അവൻ വീട്ടിൽ നിന്ന് പോയത്. എനിക്ക് എന്നും കണ്ണീര് മാത്രമേ തന്നിട്ടുള്ളൂ. മുൻപ് മോഷണക്കേസിൽപ്പെട്ടപ്പോഴൊക്കെ കോടതിയിൽ കൂട്ടിക്കൊണ്ടുപോയിരുന്നത് ഞാനാണ്. ഇനി ഒരു നിയമ സഹായവും നൽകാനില്ല.
ഞായറാഴ്ച രാത്രിയാണ് അവനെ കാണാതായത്. തുടർന്ന് വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. പിറ്റേന്നാണ് കൊലപാതകം നടന്നത്. ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല. ഹോട്ടൽ തൊഴിലാളിയായ ഭായ് വിളിച്ചപ്പോൾ ഇടപ്പള്ളിയിൽ ഉണ്ടെന്നും ഒരു ഹോട്ടലിൽ ജോലി കിട്ടിയെന്നും പറഞ്ഞു.
അവന് നന്നായി കാറോടിക്കാൻ അറിയില്ല. ഇലക്ട്രിക് വയർ ഘടിപ്പിച്ചതും ഗ്യാസ് കുറ്റി തുറന്നുവിട്ടതും കണ്ടപ്പോൾ അവനെ സംശയിച്ചു. സ്റ്റേഷനിൽ നിന്ന് സി.സി ടിവി ദൃശ്യം കാട്ടിയപ്പോഴേ ഞാൻ പറഞ്ഞു അത് ബിലാലാണെന്ന്. എങ്കിലും അവനാവല്ലേയെന്ന് പ്രാർത്ഥിച്ചു'' -നിസാം പറഞ്ഞു.
താഴത്തങ്ങാടി കൊലപാതകം
പൊലീസ് ഉറപ്പിച്ചു; അടുപ്പിലിരുന്ന
മുട്ട അടുപ്പമുള്ളയാൾക്ക് തന്നെ
സ്വന്തം ലേഖകൻ
കോട്ടയം: താഴത്തങ്ങാടി കൊലക്കേസിൽ അന്വേഷണ സംഘത്തെ പ്രതിയിലേക്കെത്തിച്ചത് മൂന്നു സൂചനകളാണ്. ഒന്ന് : അടുക്കളയിൽ പുഴുങ്ങാൻ വച്ചിരുന്ന മൂന്നു മുട്ട. രണ്ട് : പാറപ്പാടം റോഡിലെയും ചെങ്ങളം പമ്പിലെയും സി.സി.ടി.വി ദൃശ്യങ്ങൾ, മൂന്ന്: ചെങ്ങളം പമ്പിലെ അപകടം.
പുഴുങ്ങാൻ വച്ച മുട്ട
ദമ്പതികൾ പൊതുവിൽ ആരുമായും അടുപ്പം കാണിച്ചിരുന്നില്ല. വീട്ടിൽ ലൈറ്റ് പോലും ഇടാതെ, ടിവിയുടെ വെളിച്ചത്തിലാണ് ഇവർ രാത്രി കഴിച്ചു കൂട്ടിയിരുന്നത്. ഇത്തരം ആളുകൾ മറ്റാർക്കെങ്കിലും ഭക്ഷണം ഉണ്ടാക്കുമെങ്കിൽ അത് ഏറ്റവും അടുപ്പമുള്ളവർക്കാവും. സംഭവ ദിവസം വീട്ടിലെ ഗ്യാസ് അടുപ്പിൽ മൂന്നു മുട്ടകൾ പുഴുങ്ങാൻ വച്ചിരുന്നു. ഇത് ആർക്കാണെന്ന അന്വേഷണമാണ് മുഹമ്മദ് ബിലാലിലേക്ക് എത്തിയത്.
കണ്ണ് തുറന്ന് കാമറകൾ
പാറപ്പാടം റോഡിലെ റോയിയുടെ വീട്ടിലെയും ചെങ്ങളം പെട്രോൾ പമ്പിലെയും സി.സി.ടിവി കാമറകളും പ്രതി പോയ വഴിയിൽ കണ്ണുതുറന്ന് നിന്നിരുന്നു. സംഭവ ദിവസം രാവിലെ ഏഴരയോടെ കൈലിമുണ്ടുടുത്ത്, വണ്ണം കൂടിയ ആൾ പാറപ്പാടം റോഡിലൂടെ നടന്നുപോകുന്നത് റോയിയുടെ വീട്ടിലെ കാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ, പാറപ്പാടം ക്ഷേത്രത്തിനു സമീപത്തെ കാമറയിൽ ഇയാളെ കാണാനും സാധിച്ചില്ല. ഇതോടെയാണ് പ്രതി ഷാനി മൻസിലിൽ കയറിയെന്ന് ഉറപ്പിച്ചത്.
വഴികാട്ടിയായി അപകടം
പ്രതിയുടെ സൂചനകൾ ലഭിച്ചപ്പോൾ തന്നെ പൊലീസ് ഇയാളുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. കാർ ഓടിക്കാൻ എടുത്തപ്പോഴെല്ലാം അപകടമുണ്ടാക്കിയ ആളാണ് ബിലാലെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ചെങ്ങളം ഭാഗത്തെ പെട്രോൾ പമ്പിൽ അപകടം ഉണ്ടായതായി മനസിലായി. ഇതോടെ കാർ ഓടിച്ചിരുന്നത് ബിലാൽ തന്നെയാണ് ഉറപ്പിച്ചു.
പൊലീസിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: കോട്ടയം താഴത്തങ്ങാടിയിൽ ഷീബയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടാനായത് കേരള പൊലീസിന് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടകര തൂണേരിയിൽ കൊവിഡ് സ്ഥിരീകരിച്ച ആളിന്റെ ഫിഷ് സ്റ്റാൾ തകർത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സംഭവം നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയാണ്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.