കോട്ടയം: ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള നീക്കം ജോസഫ് വിഭാഗം നടത്തുമ്പോൾ അവിശ്വാസം നേരിടാനുറച്ച് ജോസ് വിഭാഗവും നിലയുറപ്പിച്ചു. ഇതോടെ യു.ഡി.എഫിൽ പ്രതിസന്ധി രൂക്ഷമായി.
യു.ഡി.എഫ് ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകണമെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടുവെങ്കിലും ആര് ആവശ്യപ്പെട്ടാലും അംഗീകരിക്കില്ലെന്ന നിലപാടിൽ ജോസ് വിഭാഗം ഉറച്ചു നിൽക്കുകയാണ് . വെള്ളിയാഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന നിലപാടിലാണ് പി.ജെ.ജോസഫ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇരു വിഭാഗത്തെയും പിണക്കാതെ എങ്ങനെ പോകാമെന്ന തത്രപ്പാടിലാണ് യു.ഡി.എഫ് നേതൃത്വം. തീരുമാനം എതിരായാൽ ആ വിഭാഗം മുന്നണി വിടുമെന്ന പ്രചാരണവും ഇതിനിടയിൽ ശക്തമാണ്.
'യു.ഡി.എഫ് ധാരണ അനുസരിച്ച് മാർച്ച് 24ന് ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടതായിരുന്നു. ഇനി വിട്ടുവീഴ്ച ഇല്ല. യു.ഡി.എഫും കോൺഗ്രസും വിശ്വാസ്യത തെളിയിക്കണം.വെള്ളിയാഴ്ച വരെ കാത്തിരിക്കും. അതിന് ശേഷം എന്തു വേണമെന്ന് തീരുമാനിക്കുമെന്ന് ' ജോസഫ് വിഭാഗം ഉന്നത നേതാവ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജോസ് വിഭാഗത്തെ വെട്ടിലാക്കാൻ അവിശ്വാസ പ്രമേയം കൊണ്ടു വരാൻ ജോസഫ് വിഭാഗത്തിന്റെ നീക്കം.
22 അംഗ കോട്ടയം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് 14ഉം ഇടതു മുന്നണിക്ക് എട്ടും അംഗങ്ങളാണുള്ളത്. കോൺഗ്രസിന് എട്ടും ജോസ് വിഭാഗത്തിന് നാലും
ജോസഫിന് രണ്ട് അംഗങ്ങളുമുണ്ട്. പ്രതിപക്ഷത്ത് സി.പി.എമ്മിന് ആറും സി.പി.ഐയ്ക്കും ജനപക്ഷത്തിനും ഓരോ അംഗങ്ങളുമാണുള്ളത്. ജോസഫ് വിഭാഗം കൊണ്ടു വരുന്ന അവിശ്വാസത്തെ കോൺഗ്രസ് പിന്തുണച്ചാലും പത്ത് അംഗങ്ങളുടെ പിന്തുണയേ ആകൂ. കോൺഗ്രസിനെ പിന്തുണയ്ക്കാൻ സി.പി.എമ്മും സി.പി.ഐയും തയ്യാറാകില്ല. ജനപക്ഷ പിന്തുണ ലഭിച്ചാലും അവിശ്വാസം പാസാകില്ല . ഈ കണക്കു കൂട്ടലിലാണ് അവിശ്വാസം വന്നാലും നേരിടാനുള്ള ധൈര്യത്തിൽ കോൺഗ്രസിനെയും വെല്ലുവിളിച്ച് ജോസ് പക്ഷം നിൽക്കുന്നത് .
ജില്ലാപഞ്ചായത്ത് :
ആകെ അംഗങ്ങൾ: 22
യു.ഡി.എഫ്: 14
(കോൺഗ്രസ് 8, ജോസ് 4 , ജോസഫ്: 2
ഇടതു മുന്നണി: 8 (സി.പി.എം: 6, സി.പി.ഐ:1 ജനപക്ഷം:1)
' സെബാസ്റ്റ്യൻ കുളത്തുങ്കലിന് അവസാന ടേം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകണമെന്നത് കെ.എം.മാണി അംഗീകാരം നൽകിയ അവസാന കരാറിലുള്ളുതാണ് . തങ്ങളെ വഞ്ചിച്ചു ജോസഫ് പക്ഷത്തു പോയ അജിത് മുതിരമലയെ പ്രസിഡന്റ് ആക്കണമെന്ന് ആര് ആവശ്യപ്പെട്ടാലും അതംഗീകരിക്കില്ല.
ജോസ് വിഭാഗം