കോട്ടയം: തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അതിവേഗം കൊലനടത്തി മുങ്ങിയ പ്രതിയെ കുടുക്കിയത് ജില്ലാ പൊലീസിന്റെ അന്വേഷണ മികവ്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ രംഗത്തിറങ്ങിയ അന്വേഷണ സംഘം രണ്ടു ദിവസം കൊണ്ടാണ് കേസ് തെളിയിച്ചത്.
ജൂൺ ഒന്നിന് വൈകിട്ട് നാലരയോടെയാണ് കൊലപാതകം നടന്ന വിവരം പുറംലോകം അറിയുന്നത്. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസിനു ലഭിച്ചത് പരിമിതമായ സമയം മാത്രമായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും പ്രതി രക്ഷപെട്ടിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു.
തുടർന്ന് പ്രദേശത്തെ സി.സി.ടി.വി കാമറകളാണ് പൊലീസ് ആദ്യം പരിശോധിച്ചത്. സംഭവ ദിവസം പ്രതി വീട്ടിൽ എത്തിയിരുന്നതായി സി.സി.ടി.വി കാമറയിൽ നിന്നു വ്യക്തമായിരുന്നു.
വീടിന്റെ വാതിൽ തകർത്തതായി സൂചനകളൊന്നുമില്ലാതെ വന്നതോടെ, ആക്രമണത്തിന് ഇരയായ ദമ്പതിമാരുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചായി പൊലീസ് അന്വേഷണം. ഇതോടെ ഇവരുടെ വീടിന് സമീപത്ത് ഷീബയുടെ സഹോദരൻ വാടകയ്ക്കു നൽകിയിരുന്ന വീട്ടിലെ ആളുകളിലേയ്ക്ക് സംശയം നീണ്ടു.
ഈ വീട്ടിൽ ഏറ്റവും അവസാനം താമസിച്ചത് പുളിമൂട് ജംഗ്ഷനിൽ സംസം ഹോട്ടൽ നടത്തുന്ന നിസാമുദീനാണ് എന്നു കണ്ടെത്തി. തുടർന്ന് ഇയാളുടെ ബന്ധുവിനെ കണ്ടു ചോദ്യം ചെയ്തതോടെയാണ് സി.സി.ടി.വി കാമറയിലുള്ളത് പ്രതിയായ ബിലാലിന്റെ ദൃശ്യങ്ങൾ തന്നെയാണെന്ന് വ്യക്തമായത്. പിന്നീട്, ബിലാൽ പോയ വഴിയിലൂടെയായിരുന്നു പൊലീസിന്റെ സഞ്ചാരം.
കൊലപാതകം നടത്തിയ ശേഷം കുമരകം റോഡ് വഴി രക്ഷപ്പെട്ട പ്രതി ലക്ഷ്യമിട്ടത് ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്താനായിരുന്നു. എന്നാൽ, കാറുമായി പുറപ്പെട്ടപ്പോൾ തന്നെ അപകടം ഉണ്ടായതിനാൽ ആലപ്പുഴ മുഹമ്മദൻസ് സ്‌കൂളിനു സമീപം കാർ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പല വാഹനങ്ങളിലായി എറണാകുളം ഭാഗത്തേയ്ക്കു പോയി.
ചേരാനനെല്ലൂർ മായാവി ഹോട്ടലിന്റെ ഉടമയുമായി സൗഹൃദമുണ്ടായിരുന്ന പ്രതി, ഇയാളെ ഫോണിൽ ബന്ധപ്പെട്ട് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടു. ചേരാനല്ലൂരിൽ എത്തിയ പ്രതിയ്ക്ക് ഇവർ താമസ സൗകര്യം നൽകി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തിരഞ്ഞെത്തിയ പൊലീസ് ചേരാനെല്ലൂരിലെ മുറിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.