കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തെളിവുകൾ കേരള കൗമുദി നേരത്തെ പറഞ്ഞു..! ദമ്പതിമാരെ ആക്രമിച്ചത് ഒരാൾ മാത്രമാണെന്നും സിലിണ്ടർ തുറന്നു വച്ചത് പ്രതിയുടെ അതിബുദ്ധിയാണെന്നും ജൂൺ മൂന്നിനു കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതു തന്നെയാണ് ഇപ്പോൾ പൊലീസ് അന്വേഷണത്തിൽ തെളിയുന്നത്.
സംഭവം നടന്ന ദിവസം അടുക്കളയിൽ മൂന്നു മുട്ട പാചകം ചെയ്യാൻ വച്ചിരുന്നതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതോടെയാണ് കുടുംബവുമായി അടുപ്പമുള്ള ആരോ വീട്ടിൽ എത്തിയിരുന്നെന്നും ഇയാളാണ് കൊലപാതകത്തിനു പിന്നിലെന്നുമുള്ള സൂചന ലഭിച്ചത്. ഇതിനു ശേഷം സംഭവ സ്ഥലത്തിനു സമീപത്തു നിന്നുമുള്ള സി.സി.ടിവി കാമറാ ദൃശ്യങ്ങളിൽ കാറുമായി കടക്കുന്നത് ഒരാൾ മാത്രമാണെന്നും കണ്ടെത്തിയിരുന്നു.
മൃതദേഹം കിടന്ന മുറിയ്ക്കുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടത്, ആരെങ്കിലും എത്തി കോളിംഗ് ബെൽ മുഴക്കുമ്പോൾ വീട് പൂർണമായും പൊട്ടിത്തെറിച്ച് തെളിവ് നശിക്കുന്നതിനുള്ള പ്രതിയുടെ അതിബുദ്ധിയാണെന്നും സൂചന ലഭിച്ചിരുന്നു. ജൂൺ മൂന്നിന് പ്രസിദ്ധീകരിച്ച വാർത്തയിൽ ഇതെല്ലാം കേരള കൗമുദി ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ പ്രതി പിടിയിലായതോടെ ഇതെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ് .