പാലാ: പേമാരി, ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യത മുന്നിൽകണ്ട് ദുരന്തനിവാരണ പ്ലാൻ തയാറാക്കാൻ പാലാ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദേശം. മാണി.സി.കാപ്പൻ എം.എൽ.എയാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. മഴക്കെടുതികൾ നേരിടുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ എം.എൽ.എ വിളിച്ചു ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മാണി.സി.കാപ്പൻ ഉദ്ഘാടനം ചെയ്തു. കെടുതികൾ നേരിട്ടറിയിക്കാൻ പൊതു ജനങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തും. തോടുകളും കനാലുകളും വൃത്തിയാക്കും. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ഓടകൾ വൃത്തിയാക്കാനും നടപടിയെടുക്കും. നടപ്പാതകളിൽ അപകടാവസ്ഥയിലുള്ള സ്ലാബുകൾ മാറ്റി സ്ഥാപിക്കും. അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാലിന്യ സംസ്‌ക്കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കണം. ജലജന്യ രോഗങ്ങൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. പൊലീസിനെയും ഫയർഫോഴ്‌സിനെയും സഹായിക്കുന്നതിനായി എമർജൻസി റെസ്‌പോൻഡ് ടീം രൂപീകരിക്കും. പാലാ ആർ.ഡി.ഒ എം.ടി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബൈജു പുതിയിടത്തുചാലിൽ, രാജൻ മുണ്ടമറ്റം, സാബു എ തോമസ്, എം പി സുമംഗലാദേവി, ജയ്‌സൺ പുത്തൻ കണ്ടം, പാലാ സി.ഐ വി.എ .സുരേഷ്, മീനച്ചിൽ തഹസീൽദാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, മുനിസിപ്പൽ,പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ബാരിക്കേഡുകൾ തയാറാക്കും

പൊലീസിന്റെ ആവശ്യപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബാരിക്കേഡുകൾ തയാറാക്കി നൽകും. ഫയർഫോഴ്‌സിന്റെ ആവശ്യപ്രകാരം ലൈഫ് ജാക്കറ്റുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തും.