കോട്ടയം: ഇന്നലെ വൈകിട്ട് അഞ്ചോടെ താഴത്തങ്ങാടിയിലെ കൊലപാതകം നടന്ന വീട്ടിലേയ്ക്ക് ബിലാലിനെ തെളിവെടുപ്പിന് എത്തിക്കുമ്പോൾ പരിസരം നാട്ടുകാരെക്കൊണ്ട് നിറഞ്ഞിരുന്നു. പ്രതിക്കുനേരെ ആക്രമണമുണ്ടായേക്കുമെന്ന് ഭയന്ന് പൊലീസ് കനത്ത സുരക്ഷ ഒരുക്കി. കാമറകൾക്ക് മുന്നിൽ ഭാവഭേദമില്ലാതെ നിന്ന ബിലാൽ, വീട്ടിൽ നടന്നതൊക്കെ അന്വേഷണ സംഘത്തിന് വിവരിച്ചു കൊടുത്തു.

കഴിഞ്ഞ ദിവസം പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തിയ ബിലാലിനെ ഇന്നലെ രാവിലെ എറണാകുളം ഇടപ്പള്ളിയിൽ എത്തിച്ച് സ്വർണവും പണവും കണ്ടെടുത്തു. പിന്നീട് ആലപ്പുഴയിൽ കൊണ്ടുപോയി ഉപേക്ഷിച്ച കാറിന് അരികിലും എത്തിച്ച് തെളിവെടുത്തു. ഇതിനകം താഴത്തങ്ങാടി കനത്ത പൊലീസ് വലയത്തിലായി. കൊലപാതകം നടന്ന റോഡ് വടം കെട്ടി അടച്ചു. പ്രതിയെ കാണുകയും മൊബൈലിൽ ചിത്രം പകർത്തുകയുമായിരുന്നു നാട്ടുകാരുടെ ലക്ഷ്യം.

 എല്ലാ കാട്ടിക്കൊടുത്തു

വീടിന് മുറ്റത്ത് എത്തിയപ്പോൾ കതക് തുറന്ന് അകത്ത് കടന്നതും കൊലപാതകത്തിന് ശേഷം തിരികെ പോയതും ബിലാൽ വിവരിച്ചു. സിറ്റൗട്ടിൽ ആദ്യം ഇരുന്ന ഭാഗവും സാലിയുമായി തർക്കമുണ്ടായപ്പോൾ ടീപ്പോയിയെടുത്ത് അടിച്ച വിധവും കാണിച്ചുകൊടുത്തു. പിന്നീട് മുറിക്കുള്ളിൽ പോയി അലമാരയിൽ നിന്ന് സ്വർണം കവർന്നതും മുഴുൻ അലങ്കോലമാക്കിയതും കേബിളുകൾ എടുത്ത് ഷോക്ക് അടിപ്പിച്ചതും ഗ്യാസ് സിലിണ്ടർ തുറന്നുവച്ചതും വശിദീകരിച്ചു . ചെങ്ങളത്തെ പെട്രോൾ പമ്പിലും എത്തിച്ച് തെളിവെടുത്ത ശേഷം ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി.