bulbedran

അടിമാലി: സ്വന്തം കൃഷിയിടത്തിൽ പൊന്ന് വിളയിക്കാനാകുമെന്നറിയാമെങ്കിലും അവിടം തവളകൾക്ക് താമസിക്കാൻ വിട്ട്കൊടുത്തിരിക്കുകയാണ് ബുൾബേന്ദ്രൻ. ഒന്നും രണ്ടുമല്ല തവളകൾ ഇവിടെയുള്ളത് ഇരുപത്തിയേഴ് ഇനങ്ങളിലായി നൂറ്കണക്കിന് തവളകൾ. തവളകളുടെ കൂട്ടക്കരച്ചിൽ പലർക്കും നീരസം സമ്മാനിക്കുമ്പോഴാണ് തന്റെ ഒന്നരയേക്കറോളം കൃഷിയിടം അടിമാലി സ്വദേശിയായ ബുൾബേന്ദ്രൻ തവളകൾക്കുള്ള ആവാസ കേന്ദ്രമായി വിട്ടു നൽകിയിട്ടുള്ളത്.ഏഴോളം പടുതാ കുളങ്ങൾ കൃഷിയിടത്തിൽ നിർമ്മിച്ചാണ് മുൻ കെ എസ് ആർ ടിസി ജീവനക്കാരൻ കൂടിയായ ഈ പരിസ്ഥിതി സ്‌നേഹി തവളകളെ പോറ്റി വളർത്തുന്നത്. മഴക്കാലമാകുന്നതോടെ പാടങ്ങളും കുളങ്ങളും തവളക്കൂട്ടങ്ങൾ കൈയ്യടക്കും.
അധ്വാനിച്ചാൽ പൊന്ന് വിളയുന്ന മണ്ണാണ് ആ ലാഭം വേണ്ടെന്ന് വച്ച് അടിമാലി സ്വദേശിയായ ബുൾബേന്ദ്രൻ തവളകൾക്കുള്ള വിഹാര കേന്ദ്രമായി വിട്ടു നൽകിയിട്ടുള്ളത്.പച്ച കോലൻ തവള,മര തവള,കരിന്തവള തുടങ്ങി 27 ഇനത്തിൽപ്പെട്ട തവളകൾ ബുൾബേന്ദ്രന്റെ ഏഴ് പടുതാ കുളങ്ങളിലായുണ്ട്.ഓരോ വർഷവും 50000 ത്തോളം തവളകുഞ്ഞുങ്ങൾ പുതിയതായി തന്റെ കുളങ്ങളിൽ മുട്ടയിട്ട് വിരിയുന്നുവെന്നാണ് ബുൾബേന്ദ്രന്റെ കണക്ക്.എന്തു കൊണ്ട് തവളക്കായിങ്ങനെ താവളമൊരുക്കുന്നുവെന്ന ചോദ്യത്തിന് ബുൾബേന്ദ്രന് വ്യക്തമായ മറുപടിയുണ്ട്.
തികഞ്ഞ പരിസ്ഥിതി സ്‌നേഹികൂടിയായ ബുൾബേന്ദ്രൻ വനതുല്യമായാണ് തന്റെ കൃഷിയിടം സംരക്ഷിച്ചു പോരുന്നത്.പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്താൻ തവളകൾ പോലുള്ള ചെറുജീവികളുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണെന്ന വാദക്കാരനാണ് ഈ മുൻ കെ എസ് ആർ ടിസി ജീവനക്കാരൻ.ഇക്കാരണം കൊണ്ടു തന്നെ തവളകളെ ഭക്ഷണമാക്കാനെത്തുന്ന പാമ്പുകൾക്കും ബുൾബേന്ദ്രൻ തണുപ്പ് മാറാത്ത തുരുത്തുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.15 വർഷങ്ങൾക്ക് മുമ്പാരംഭിച്ച തവള വളർത്തലിന്റെ അനുഭവം കേൾക്കാനും പഠിക്കാനുമായി ഗവേഷക വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ ബുൾബേന്ദ്രന്റെ തവളക്കുളങ്ങൾ സന്ദർശിക്കാറുണ്ട്.തവളകളുടെ ജീവിതചക്രം പൂർണ്ണമായി മനപാഠമാക്കിയ ബുൾബേന്ദ്രൻ തന്റെയാത്രകൾക്കിടയിൽ കാണുന്ന തവളകളെ കണ്ടെത്തി കുളങ്ങളിൽ എത്തിക്കാറുണ്ട്.മനുഷ്യനെ പോലെ മറ്റു ജീവികൾക്കും ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് തവളകളുടെ സംരക്ഷകനായ ഈ നല്ല കർഷകൻ.