ചങ്ങനാശേരി: ബാങ്കിൽ നിന്നെന്ന വ്യാജേന വന്ന ഫോൺ കോളിൽ ആവശ്യപ്പെട്ട പ്രകാരം പിൻ നമ്പർ പറഞ്ഞു കൊടുത്ത വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 11000 രൂപ നഷ്ടമായി. തുരുത്തി ചെമ്പകശേരി മാലിനിയ്ക്കാണ് പണം നഷ്ടപ്പെട്ടത്. ചങ്ങനാശേരി സെന്‍ട്രല്‍ ബാങ്കിലാണ് മാലിനിയ്ക്ക് അക്കൗണ്ട് . ഇന്നലെ രാവിലെ 11 ഓടെ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നാണെന്നു പറഞ്ഞ് ഫോണിലേയ്ക്ക് കോള്‍ വന്നു. അക്കൗണ്ട് കാന്‍സലായി പോകുമെന്നും റീ ഓപ്പണ്‍ ചെയ്യുന്നതിന് എ.ടി.എം പിന്‍ നമ്പര്‍ നല്കണമെന്നും ആവശ്യപ്പെട്ടു. ഇരുചക്ര വാഹന ലോണ്‍ ഉണ്ടായിരുന്ന വീട്ടമ്മ അക്കൗണ്ട് കാന്‍സലായാല്‍ തിരിച്ചടവ് മുടങ്ങുമെന്നു ഭയന്ന് പിന്‍ നമ്പര്‍ പറഞ്ഞു കൊടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 11000 രൂപ പിന്‍വലിക്കപ്പെട്ടതായി മെസേജ് വരികയായിരുന്നു. കുടുംബശ്രീയില്‍ നിന്നെടുത്ത 5000 രൂപയും കിസാന്‍ പദ്ധതി പ്രകാരം ലഭിച്ച 2000 രൂപയും തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് ലഭിച്ച 1000 രൂപയും ടൂവീലര്‍ ലോണ്‍ അടയ്ക്കുന്നതിനായി തയ്യല്‍ കൂലിയില്‍ നിന്നും സ്വരൂപിച്ച പണവുമാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഉടൻ സെന്‍ട്രല്‍ ബാങ്കിലെ ചങ്ങനാശ്ശേരി ബ്രാഞ്ചിലെത്തി മാനേജരോട് പരാതിപ്പെട്ടു. ഇതിനിടെയും അതേ കോള്‍ വന്നു. ബ്രാഞ്ച് മാനേജര്‍ ഫോണെടുത്ത് സംസാരിച്ചപ്പോഴും സെന്‍ട്രല്‍ ബാങ്കില്‍ നിന്നു തന്നെയെന്ന് അങ്ങേത്തലയ്ക്കലുണ്ടായിരുന്നയാൾ ആവർത്തിച്ചു. പരാതിപ്പെടുമെന്ന് മാനേജര്‍ പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടാക്കുകയും ചെയ്തു. വീട്ടമ്മ ചങ്ങനാശേരി പൊലീസിലും കോട്ടയം സൈബര്‍ സെല്ലിലും പരാതി നല്‍കി.