കോട്ടയം: മീനച്ചിലാറ്റിൽ ആറുമാനൂർ കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ആറുമാനൂർ തുരുത്തിമറ്റത്തിൽ അനീഷ് ഗോപാലനെയാണ് (25) ഒഴുക്കിൽപ്പെട്ട് കാണാതായത്.

അനീഷും മൂന്നു സുഹൃത്തുക്കളും വൈകിട്ട് അഞ്ചു മണിയോടെ മീനച്ചിലാറ്റിൽ ടാപ്പുഴ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം അനീഷിന്റെ അമ്മ കടവിൽ തുണിയലക്കുന്നുണ്ടായിരുന്നു. കുളിക്കടവിൽ നിന്ന് കയറി പോകാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും

അനീഷ് സുഹൃത്തുക്കൾക്കൊപ്പം നീന്തൽ തുടരുകയായിരുന്നു. ഇതിനിടെ അനീഷിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ അറിയിച്ചു. വെളിച്ചക്കുറവിനെ തുടർന്ന് അവർ ഏഴരയോടെ തെരച്ചിൽ അവസാനിപ്പിച്ചു. ആനപ്പാപ്പാനായി ജോലി ചെയ്തിരുന്ന അനീഷ്, പെയിന്റിംഗ് അടക്കമുള്ള ജോലികൾക്കും പോയിരുന്നു.